മൈക്രോഫിനാന്‍സ് തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം - വിഎസ്തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. നിയമസഭയില്‍ സബ്മിഷനായാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. അന്വേഷണം ഇഴയുന്നത് ഖേദകരമാണ്. ആവശ്യമായ നടപടികള്‍ പെട്ടെന്ന് സ്വീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പ്രത്യേകം അന്വേഷണസംഘം ആവശ്യമെങ്കില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കൊല്ലം ക്രൈംബ്രാഞ്ച് എസ്പിയാണ് കേസ് അന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പിനെതിരേ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അന്വേഷണം ഇഴയുകയാണെന്ന വിഎസിന്റെ ആരോപണം പരിശോധിക്കും. ആരോപണം ശരിയെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൈക്രോ ഫിനാന്‍സ് ഇടപാടില്‍ വെള്ളാപ്പള്ളി നടേശനടക്കം നാലുപേര്‍ക്കെതിരേ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. 15 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ച് വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍, മൈക്രോ ഫിനാന്‍സ് കോ- ഓഡിനേറ്റര്‍ കെ കെ മഹേശന്‍, പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ മുന്‍ എംഡി എന്‍ നജീബ് എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് നല്‍കിയ ഹരജിയിലായിരുന്നു നടപടി. പ്രാഥമിക പരിശോധനയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. വ്യാജ പേരുകളിലും മതിയായ രേഖകള്‍ ഇല്ലാതെയുമാണ് വായ്പകള്‍ നല്‍കിയതെന്നായിരുന്നു കണ്ടെത്തല്‍.

RELATED STORIES

Share it
Top