മേളമെന്നാല്‍ മനസ്സും സമര്‍പണവും : പെരുവനം കുട്ടന്‍ മാരാര്‍തൃശൂര്‍: പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിത്തറ മേളമെന്ന ഗ്രേറ്റ് സിംഫണിക്ക് അമരക്കാരാനായി ഇത് 19ാം വര്‍ഷം. കഴിഞ്ഞ 40 വര്‍ഷമായി ഇലഞ്ഞിത്തറമേളത്തിലെ പങ്കാളിയായ മാരാര്‍ക്ക് മേളമെന്നാല്‍ മനസും സമര്‍പ്പണവുമാണ്. തങ്ങളേക്കാള്‍ പ്രഗല്‍ഭര്‍ മേളരംഗത്തുണ്ടായിരുന്നുവെങ്കിലും അവര്‍ക്കു ലഭിക്കാത്ത പ്രശസ്തിയാണ് ഇന്നത്തെ കാലത്ത് മേളപ്രമാണിയെന്ന നിലയില്‍ ലഭിക്കുന്നതെന്ന് കുട്ടന്‍മാരാര്‍ മനസുതുറന്നു. അഞ്ചു പ്രമാണിമാര്‍ക്ക് ഒപ്പം അണിനിരന്നതിന്റെ അനുഭവസമ്പത്തുമായാണ് കുട്ടന്‍മാരാര്‍ കൊട്ടിന്റെ കാരണവരായത്. കലാകാരന്മാരെ അടുത്തറിയാനും തിരിച്ചറിയാനും ഇപ്പോള്‍ കഴിയുന്നു. ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തിക്കാനായത് മഹാഭാഗ്യമാണെന്ന് പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചു. 250 ല്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന സംഘമേളത്തില്‍ സൂക്ഷ്മമായ നിരീക്ഷണത്തോടെയാണ് ഓരോരുത്തരും കോല്‍ ചലിപ്പിക്കുക. കാലം എണ്ണിയിട്ടല്ല, മറിച്ച് മനക്കണക്കു കൂട്ടിയാണ് കൊട്ടിത്തീര്‍ക്കുന്നത്. മേളത്തിന് അതിന്റേതായ രൂപരേഖയുണ്ട്. പ്രമാണി അതിന്റെ കാലഗതി നിലനിര്‍ത്തുന്നു. പൂരംദിവസം ഉച്ചയ്ക്ക് 12 ന് ചെമ്പടമേളം കൊട്ടി പന്ത്രണ്ടരയോടെ പാറമേക്കാവിലമ്മയുടെ നിരപ്പിനെത്തുന്ന മേളക്കാര്‍ ഒരു മണിയോടെ രണ്ടുകാലം കൊട്ടിത്തീര്‍ക്കും. പാണ്ടിമേളം ഒരുമണിയോടെ കൂട്ടിപ്പെരുക്കും. ഇതിന് 20 മിനിറ്റോളം ദൈര്‍ഘ്യം. തുടര്‍ന്ന് ഉച്ചയ്ക്ക് 1.20ന് പതിഞ്ഞകാലത്തില്‍ രണ്ടുകലാശം കൊട്ടി തേക്കിന്‍കാട്ടിലേക്ക് നീങ്ങും. അവിടെ നിന്ന് എക്‌സിബിഷന്‍ കവാടത്തിനു മുന്നില്‍ ഒരു ഇടക്കലാശവും കഴിഞ്ഞ് വടക്കുനാഥക്ഷേത്ര മതില്‍ക്കകത്തേക്കു കടക്കും.  തെക്കും പടിഞ്ഞാറും ഭാഗത്ത് ഓരോ ഇടക്കലാശം കഴിഞ്ഞ് 2.10 ന് ഇലഞ്ഞിച്ചുവട്ടില്‍ നിരക്കും. പതിഞ്ഞകാലത്തില്‍ നിന്ന് കാലം ഉയര്‍ത്തി വിവിധ ഘട്ടങ്ങളിലുടെ മനുഷ്യമനസില്‍ രസച്ചരടു മുറുക്കും. ഇതിനിടെ തുറന്നുപിടിക്കലായി.  അടുത്തഘട്ടം അടിച്ചുകലാശം. മൂന്നുമണി മുതല്‍ മുക്കാല്‍മണിക്കൂര്‍ നേരം തകൃതകൃത. പിന്നീട്  ഇടക്കലാശം കഴിഞ്ഞ് മുട്ടിന്മേല്‍കാലത്തിലേക്കു കടക്കും. 14 അക്ഷരകാലത്തില്‍ നിന്ന് ഏഴായി ചുരുക്കി കുഴമറിഞ്ഞ കാലത്തിലൂടെ മേളം കൂട്ടിത്തട്ടും. ആസ്വാദകരുടെ മനമറിഞ്ഞ് ചെണ്ടക്കോലിടുന്ന കുട്ടന്‍മാരാര്‍ ഇലഞ്ഞിത്തറ മേളം ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാത്തില്‍ അദ്ഭുതം പ്രകടിപ്പിച്ചു. ഇത്രയധികം കലാകാരന്മാര്‍ ഒരുമിച്ച് നിന്ന് ഒരേ താളത്തില്‍ കൊട്ടുന്നത് ലോകത്ത് മറ്റെവിടെയുമില്ലെന്നും ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top