മേല്‍ജാതിക്കാര്‍ക്കെതിരേ മുന്നറിയിപ്പുമായി ദലിത് മഹാപഞ്ചായത്ത്

അല്‍വാര്‍: ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് 16കാരനായ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മേല്‍ജാതിക്കാരുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് ജാദവ് മഹാപഞ്ചായത്തിന്റെ ഭീഷണി.
അല്‍വാര്‍-ഹരിയാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള 18 ഗ്രാമങ്ങളില്‍നിന്നുള്ള 300ഓളം ജാദവര്‍ പങ്കെടുത്ത മഹാ പഞ്ചായത്തിലാണ് ഈ മുന്നറിയിപ്പ്. ഇനിയും ഇത് സഹിക്കാനാവില്ലെന്ന് മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് മുന്‍ ബിസ്പി നേതാവ് ഓംപ്രകാശ് ജാതവ് വ്യക്തമാക്കി. മേല്‍ജാതിക്കാരുടെ തലപ്പാവ് കെട്ടിക്കൊടുക്കുന്നതും അവരെ ബഹുമാനിക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ഥിയുടെ മരണത്തില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരേ നടപടിയെടുത്താല്‍ തങ്ങള്‍ തെരുവിലിറങ്ങുമെന്നും മഹാ പഞ്ചായത്ത് പോലിസിന് മുന്നറിയിപ്പ് നല്‍കി. വ്യാവസായിക നഗരമായ ഭിവാഡിയുടെ ഒരു മൂലയില്‍ സ്ഥിതി ചെയ്യുന്ന പട്ടിക ജാതിക്കാരുടെ അധിവാസ മേഖലയായ ജാദവ് ബസ്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. ഗ്രാമത്തിലെ സംഗീതനിശ നടന്ന മൈതാനിയില്‍ സഹോദരനും കൂട്ടുകാര്‍ക്കും ഒപ്പം നിന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ നീരജ് ജാദവിനെ ജാതീയമായി അതിക്ഷേപിച്ച് വടികളും മറ്റുമുപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു.

RELATED STORIES

Share it
Top