മേല്‍ക്കൂര തലയില്‍ വീഴുമെന്ന പേടിയോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍

കാളികാവ്: ഏതുനിമിഷവും മേല്‍ക്കൂര തകര്‍ന്ന് തലയില്‍ വീഴുമോയെന്ന പേടിയിലാണ് കാളികാവ് റേഞ്ച് എക്‌സൈസ് ഓഫിസിലെ ഉദ്യോഗസ്ഥര്‍. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പഴയ ഓട് മേഞ്ഞ കെട്ടിടത്തിലാണ് കാളികാവ് റേഞ്ച് എക്‌സൈസ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
വണ്ടൂര്‍ കരുണാലയപ്പടിയില്‍ 40 വര്‍ഷമായി ഇവിടെയാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. അതിനിടെ മികച്ച സൗകര്യമൊരുക്കാന്‍ കാളികാവ് പഞ്ചായത്ത് തയ്യാറായിട്ടും ഓഫിസ് മാറ്റാന്‍ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ തടസമാവുകയാണ്.
മഴ  പെയ്താല്‍ ചോര്‍ന്നൊലിക്കാത്ത ഒരു മുറിപോലുമില്ല. മേല്‍ക്കൂര ദ്രവിച്ച് എതു നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്.
ഇവിടെ ലോക്കപ്പും തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കാനും സൗകര്യമില്ല. 23 ജീവനക്കാരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. ഇവര്‍ക്ക് വസ്ത്രം മാറുന്നതിനും മറ്റും ഇവിടെ സൗകര്യമില്ല. ചുറ്റിലും കാട് മൂടിയതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കെട്ടിടം പണിയാനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമം നടന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. അതേസമയം കാളികാവ്  റേഞ്ച് ഓഫിസ്  പ്രവര്‍ത്തിക്കേണ്ടത് കാളികാവിലാണെന്നും ഇതിനുള്ള സൗകര്യം ഒരുക്കാമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു പറഞ്ഞു.

RELATED STORIES

Share it
Top