മേല്‍ക്കൂര തകര്‍ന്ന ബസ് കാത്തിരിപ്പുകേന്ദ്രം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല

കട്ടപ്പന: മേല്‍ക്കൂരപോലും ഇല്ലാതായിട്ടും വണ്ടന്‍മേട്ടിലെ ബസ് കാത്തിരിപ്പുകേന്ദ്രം പുനര്‍നിര്‍മിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല.  താഴത്തെ വണ്ടന്‍മേട്ടിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഉപയോഗക്ഷമമാക്കാന്‍ നടപടി ഇല്ലാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
മൂന്നാര്‍-കുമളി സംസ്ഥാന പാതയിലാണു കാത്തിരിപ്പു കേന്ദ്രം. കുമളിയില്‍ നിന്നെത്തുന്ന ബസ്സുകളില്‍ കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ മേഖലകളിലേക്കു പോവാനുള്ളവര്‍ക്കാണ് ഇതു പ്രയോജനപ്പെടുക. രണ്ടു പതിറ്റാണ്ടു മുമ്പാണ് താഴത്തെ വണ്ടന്‍മേട്ടില്‍ താല്‍ക്കാലികമായി കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചത്.
വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെ മേഖലയിലെ നൂറുകണക്കിന് ആളുകള്‍ക്കാണ് ഇതു പ്രയോജനം ചെയ്തിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കാത്തിരിപ്പു കേന്ദ്രം നശിച്ചതോടെ വണ്ടന്‍മേട് പഞ്ചായത്ത് മേല്‍ക്കൂരയില്‍ തകര ഷീറ്റ് സ്ഥാപിച്ചിരുന്നു. ഇരുമ്പുതൂണുകള്‍ക്കു മുകളില്‍ പലക സ്ഥാപിച്ചശേഷം അതിലാണു ഷീറ്റ് പാകിയത്. കാലപ്പഴക്കം ചെന്നതോടെ ഈ ഷീറ്റുകളിലും തൂണിലും തുരുമ്പുപിടിച്ചു. ശക്തമായ കാറ്റിലും മഴയിലും ഭൂരിഭാഗം ഷീറ്റും തകര്‍ന്നുവീണു.
അതോടെ കാത്തിരിപ്പു കേന്ദ്രത്തിനു മേല്‍ക്കൂര ഇല്ലാതെയായി. കാലവര്‍ഷം ശക്തമായതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുകയാണ്. കാത്തിരിപ്പു കേന്ദ്രത്തില്‍ നില്‍ക്കുമ്പോഴും കുടയും ചൂടി നില്‍ക്കേണ്ട ഗതികേടാണ്. റോഡില്‍ നിന്ന് നിശ്ചിത അകലം പാലിക്കാതെ സ്ഥാപിച്ച കാത്തിരിപ്പുകേന്ദ്രം പൊളിച്ചു പുനര്‍നിര്‍മിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ തടസ്സം നില്‍ക്കുന്നതാണു പ്രശ്‌നത്തിനു കാരണമെന്ന് ആരോപണമുണ്ട്.

RELATED STORIES

Share it
Top