മേലൂരിലെ കരുവാപ്പടിയില്‍ അജ്ഞാത ജീവിയുടെ ആക്രമണം; രണ്ട് ആടുകള്‍ ചത്തു

ചാലക്കുടി: മേലൂരിലെ കരുവാപ്പടിയില്‍ അജ്ഞാത ജീവിയുടെ ആക്രമണം, രണ്ടു ആടുകള്‍ ചത്തു. ഒരാഴ്ചക്കുള്ളില്‍ ചത്ത ആടുകളുടെ എണ്ണം ഇതോടെ അഞ്ചാവുകയും ചെയ്തു. പുളിക്കന്‍ ഡേവിസിന്റെ വീട്ടിലെ രണ്ടു കുട്ടി ആടുകളെയാണ് അജ്ഞാത ജീവി വകവരുത്തിയത്.
തള്ളയാടിന്റെ നേരെ ആക്രമണം നടന്നെങ്കിലും കഴുത്തില്‍ കടിയേറ്റ മുറിവുകളോടെ ഇതുരക്ഷപ്പെട്ടു. ചത്ത ആടുകളുടെ ആന്തരാവയവങ്ങള്‍ പുറത്തുവന്ന നിലയിലാണ്. ആടുകളെ കെട്ടിയിട്ട ഷെഡില്‍ കണ്ടെത്തിയ കാല്‍പ്പാടുകള്‍ നായ്ക്കളുടേതെല്ലെന്ന് ഡേവിസിന്റെ സഹോദരന്‍ ഷൈജു പറഞ്ഞു.
രാത്രിയില്‍ ആടുകളുടെ നിലവിളികേട്ടിരുന്നു. നേരം പുലര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് ആട്ടിന്‍കുട്ടികള്‍ ചത്തുകിടക്കുന്നത് കണ്ടത്. തിങ്കളാഴ്ച മുള്ളന്‍പാറയിലെ മേച്ചേരി വര്‍ഗീസിന്റെ ആടും ഇത്തരത്തിലുള്ള ആക്രമണത്തില്‍ ചത്തിരുന്നു. കരുവാപ്പടിയിലെ പി എ സാബു, വല്ലത്തുകാരന്‍ സിജോ എന്നിവരുടെ വീടുകളിലെ ആടുകളും ഒരാഴ്ചക്കുള്ളില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ ചത്തു. നാട്ടുകാര്‍ ഭയപ്പാടിലാണെന്ന് വര്‍ഗീസ് മേച്ചേരി പറഞ്ഞു. വെറ്റിനറി അധികൃതരും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി ഡി തോമസും സ്ഥലത്തെത്തിയിരുന്നു.

RELATED STORIES

Share it
Top