മേലുകാവില്‍ ആനയിടഞ്ഞത് ജനത്തെ പരിഭ്രാന്തിയിലാക്കി

ഈരാറ്റുപേട്ട: മേലുകാവ് കുരുശിങ്കല്‍ ജങ്ഷനു സമീപം ആനയിടഞ്ഞതു ജനങ്ങളെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി. കലിപൂണ്ട ആന ഒന്നാം പാപ്പാനെ കുത്തിക്കൊല്ലുകയും അക്രമാസക്തമായി ഓടുകയും ചെയ്തതോടെയാണു നാട് മുള്‍മുനയിലായത്.പാലാ റൂട്ടില്‍ കുരുശിങ്കലില്‍ ഇന്നലെ ഉച്ചയോടെയാണു പാപ്പാന്‍മാര്‍ തീറ്റനല്‍കിയ ശേഷം തളയ്ക്കുന്നതിനിടെ ആന ഇടഞ്ഞത്. എരുമേലി സ്വദേശി തേക്കുംതോട്ടത്തില്‍ റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണു ഗംഗാധരന്‍ എന്ന ആന. തളയ്ക്കുന്നതിനിടയില്‍ ഒന്നാം പാപ്പാന്‍ മേലുകാവ് കുരിശിങ്കല്‍ ഈറ്റക്കല്‍ ബേബിയാണ് ആനയുടെ കുത്തേറ്റ് ദാരുണമായി മരിച്ചത്. ആന അക്രമാസക്തനായി സമീപത്തെ റബര്‍തോട്ടത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോഴും രണ്ടാം പാപ്പാന്‍ വിഷ്ണു മരണത്തെ മുഖാമുഖം കണ്ട് ആനപ്പുറത്തുതന്നെ നിലയുറപ്പിച്ചു. വിഷ്ണുവിനെ പലതവണ ആന കുലുക്കിയിടാന്‍ ശ്രമം നടത്തി. എന്നാല്‍, നിശ്ചയദാര്‍ഢ്യത്തോടെ വിഷ്ണു ആനപ്പുറത്തിരുന്ന് തോട്ടുയുപയോഗിച്ച് ആനയെ നിയന്ത്രിച്ചത് കൂടുതല്‍ അനിഷ്ടസംഭവങ്ങളൊഴിവാക്കി. സംഭവമറിഞ്ഞ് വന്‍ജനാവലിയും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ഈരാറ്റുപേട്ടയില്‍നിന്നെത്തിയ ഫയര്‍ഫോര്‍സും പോലിസും ചേര്‍ന്നാണ് നാട്ടുകാരെ നിയന്ത്രിച്ചത്. മറ്റ് പാപ്പാന്‍മാരുടെ സഹായത്തോടെ ആനയെ വലിയ വടമുപയോഗിച്ച് ബന്ധിച്ചു. തുടര്‍ന്ന് വെറ്ററിനറി ഡോക്ടറെത്തി മയക്കുവെടി വച്ചശേഷം റബര്‍തോട്ടത്തില്‍ തളയ്ക്കുകയായിരുന്നു. ആനയെ തളച്ചശേഷമാണ് രണ്ടുമണിക്കൂറിനു ശേഷം സുരക്ഷിതമായാണ് വിഷ്ണു ആനപ്പുറത്തുനിന്നിറങ്ങിയത്.

RELATED STORIES

Share it
Top