മേപ്പാടി സിഎച്ച്‌സിയില്‍ രോഗികള്‍ വലയുന്നു

മേപ്പാടി: ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചതോടെ മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍. ഇന്നലെ രാവിലെ 11.30 വരെ 150ഓളം രോഗികളെ പരിശോധിച്ചത് ഒരു ഡോക്ടര്‍ മാത്രം. കേന്ദത്തില്‍ നിലവില്‍ മെഡിക്കല്‍ ഓഫിസറുള്‍പ്പെടെ നാലു ഡോക്ടര്‍മാരാണുള്ളത്. മെഡിക്കല്‍ ഓഫിസര്‍ ഒപിയില്‍ സാധാരണ പരിശോധന നടത്താറില്ല. അവശേഷിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ അവധിയിലാണെന്നും ഇതു ക്രമവിരുദ്ധമാണെന്നും ആരോപണമുയര്‍ന്നു. മറ്റ് രണ്ടു ഡോക്ടര്‍മാരില്‍ ഒരാളെത്തിയതു 11.30നാണെന്നു രോഗികള്‍ പരാതിപ്പെട്ടു. നൂറുകണക്കിനാളുകളുടെ ഏക ആശ്രയമായ ഈ ആരോഗ്യകേന്ദ്രത്തെ ആരോഗ്യവകുപ്പ് അവഗണിച്ചാല്‍ കക്ഷിരാഷ്ട്രീയം നോക്കാതെ പ്രതിഷേധിക്കുമെന്നു പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍മാര്‍ ലീവെടുക്കുന്നതും ജോലിയില്‍ പ്രവേശിക്കുന്നതും താന്‍ അറിയാതെയാണെന്നാണ് മെഡിക്കല്‍ ഓഫിസര്‍ ഉന്നയിക്കുന്ന ആരോപണം. നിലവില്‍ ഒരു ഡോക്ടര്‍ പരീക്ഷാ തയ്യാറെടുപ്പിന്റെ പേരില്‍ അവധിയില്‍ പ്രവേശിച്ചിട്ട് രണ്ടാഴ്ചയില്‍ കൂടുതലായെന്നും ഈ ഡോക്ടര്‍ എപ്പോള്‍ എത്തുമെന്ന് അറിയില്ലെന്നും മെഡിക്കല്‍ ഓഫിസര്‍ പറയുന്നു. പ്രസ്തുത ഡോക്ടര്‍ പലപ്പോഴും ഇത്തരത്തില്‍ അവധിയില്‍ പ്രവേശിച്ചതായി ആരോപണമുണ്ട്. മെഡിക്കല്‍ ക്യാംപ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മെഡിക്കല്‍ ഓഫിസര്‍ പലപ്പോഴും പുറത്തായിരിക്കും. ആരോഗ്യകേന്ദ്രത്തിലെ അധികൃതരുടെ അലംഭാവവും ആരോഗ്യവകുപ്പിന്റെ ശ്രദ്ധക്കുറവും കാരണം രോഗികള്‍ ബുദ്ധിമുട്ടിലാവുന്നതു നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. ഇന്നലെ രാവിലെ 10.30 വരെ 158 ഒപി ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ശേഷം വന്നവര്‍ ക്യൂവിലും. ഇതോടെ, ഡ്യൂട്ടി ഡോക്ടര്‍ പരമാവധി വേഗത്തില്‍ ചീട്ടെഴുതി രോഗികളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിച്ചുവെന്നു രോഗികള്‍ ആരോപിച്ചു. അതുകൊണ്ടു തന്നെ രോഗിക്ക് രോഗവിവരം പറയാനും ഡോക്ടര്‍ക്ക് പരിശോധിക്കാനും സമയം കിട്ടിയില്ല. നീണ്ട അവധിയെടുത്ത ഡോക്ടറെ ഉടന്‍ തിരികെ വിളിക്കുകയും നിലവിലുള്ള ഡോക്ടര്‍മാരോട് കൃത്യനിഷ്ഠ പാലിക്കാന്‍ നിര്‍ദേശിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top