മേജറുടെ ഭാര്യയുടെ കൊല: കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചത്

ന്യൂഡല്‍ഹി: മേജര്‍ റാങ്കിലുള്ള കരസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകത്തിന് കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചത്.കരസേനാ മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ മേജര്‍ നിഖില്‍ ഹാണ്ടയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് ശൈലജയുടെ മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റിനു സമീപം കണ്ടെത്തിയത്.ശൈലജയും നിഖിലും അടുപ്പത്തിലായിരുന്നു.ശനിയാഴ്ച്ച ശൈലജയെ കാണാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു നിഖില്‍.വിവാഹം കഴിക്കണമെന്ന ആവശ്യം ശൈലജ നിരസിച്ചതോടെ നിഖില്‍ പ്രകോപിതനാകുകയും കയ്യില്‍ കരുതിയ കത്തിയുപയോഗിച്ച് കൊല നടത്തുകയുമായിരുന്നു എന്ന് പോലിസ് പറഞ്ഞു.കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷം ശൈലജയെ നിഖില്‍ റോഡിലേക്ക് തള്ളിയിട്ടു. ശരിരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി നിഖിലിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. നറൈനയിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഭര്‍ത്താവായ അമിത് ദ്വിവേദിക്കൊപ്പം താമസിച്ചുവരുകയായിരുന്നു ശൈലജ. ദമ്പതികളും ആറു വയസുള്ള മകനുമാണ് സൈനിക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. ദിമാപൂരില്‍ നിയമിതനായ അമിതും കുടുംബവും ഈയടുത്താണ് ഡല്‍ഹിയില്‍ വന്നത്.ഡല്‍ഹി കന്റോണ്‍മെന്റ് മെട്രോ സ്‌റ്റേഷനടുത്തുള്ള ക്വാര്‍ട്ടേഴ്‌സിനു സമീപം റോഡില്‍ യുവതി കൊല്ലപ്പെട്ടുകിടന്നത് വഴിയാത്രക്കാരനാണ് കണ്ടത്. വാഹനം ഇടിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ ആശുപത്രിയില്‍ പോയ ശൈലജയെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം സംഭവം അപകട മരണമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശൈലജയുടെ മുഖത്തിനു മുകളിലൂടെ നിഖില്‍ ഹാണ്ട കാര്‍ കയറ്റിയെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴുത്തിലെ മുറിവിനു പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുണ്ട്. ആശുപത്രിയിലെത്തിയപ്പോള്‍ ശൈലജയെ അവസാനമായി കണ്ടത് പിടിയിലായ ഓഫിസറാണെന്നും പോലിസ് അറിയിച്ചു. ഭര്‍ത്താവിന്റെ ഔദ്യോഗിക വാഹനത്തിലാണ് ശൈലജ ആശുപത്രിയിലെത്തിയത്. പിന്നീട് ഡ്രൈവര്‍ സ്ഥലത്തെത്തിയപ്പോള്‍ യുവതി ഫിസിയോതെറാപ്പിക്ക് എത്തിയിരുന്നില്ലെന്ന മറുപടിയാണ് ആശുപത്രി അധികൃതരില്‍ നിന്നു ലഭിച്ചത്. ആശുപത്രിയുടെ പുറത്തുനിന്നു യുവതി മറ്റൊരു കാറില്‍ കയറിപ്പോയതായും പോലിസിനു വിവരം ലഭിച്ചിരുന്നു.ദീമാപൂരില്‍ തന്നെയാണ് നിഖിലും ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്ന നിഖില്‍ ഹാണ്ടയെ മീറത്തില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. നാഗാലാന്‍ഡില്‍ വച്ചാണ് ശൈലജയും നിഖിലും പരിചയപ്പെട്ടതെന്നു പോലിസ് അറിയിച്ചു. തുടര്‍ന്ന്, അമിത് ദ്വിവേദിക്ക് സ്ഥലംമാറ്റമായതോടെ ശൈലജ ഡല്‍ഹിയിലേക്ക് വന്നു.

RELATED STORIES

Share it
Top