മേജറുടെ പിതാവ് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കശ്മീരിലെ ഷോപിയാനില്‍ മൂന്നു സാധാരണക്കാരുടെ മരണത്തിനു കാരണമായ സൈന്യത്തിന്റെ വെടിവയ്പിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് മേജറായ മകനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിതാവ് സുപ്രിംകോടതിയില്‍. വെടിവയ്പ് നടത്തിയ മേജര്‍ ആദിത്യ കുമാറിന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ ലഫ്. കേണല്‍ കരംവീര്‍ സിങാണ് സുപ്രിംകോടതിയെ സമീപിച്ചത്. മകന്റെ പേരില്‍ ചുമത്തിയ കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ തെറ്റാണെന്ന് കരംവീര്‍ സിങ് ഹരജിയില്‍ പറയുന്നു.സൈന്യം തങ്ങളുടെ ജോലിയാണ് ചെയ്തത്. ഗ്രാമത്തിലൂടെ പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിനു നേരെ ആള്‍ക്കൂട്ടം കല്ലെറിയുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊല്ലുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്കു നേര്‍ക്കാണ് സൈന്യം നടപടി കൈക്കൊണ്ടത്. പരിക്കേറ്റു വീണ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറുടെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ക്കേണ്ടിവന്നത്. ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ സൈന്യത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള നിര്‍ദേശം കോടതി നല്‍കണം. ജനുവരി 27ന് നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിര്‍ദേശപ്രകാരം മേജര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കെതിരേ ജമ്മു കശ്മീര്‍ പോലിസ് കേസെടുത്തിരുന്നു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തി 20 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top