മേഘാലയയില്‍ എന്‍പിപി-ബിജെപി സര്‍ക്കാര്‍

ഷില്ലോങ്: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്സിനെ മറികടന്ന് ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നു. രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി തട്ടിക്കൂട്ടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 34 എംഎല്‍എമാരുടെ പിന്തുണ ഈ മുന്നണിക്കുണ്ട്. എന്‍പിപി, യുഡിപി, ബിജെപി, എച്ച്എസ്ഡിപി എന്നീ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ഭൂരിപക്ഷം ബോധ്യപ്പെടുത്തി.
എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാവും. സാങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ രാവിലെ 10.30ന് സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാരുണ്ടാക്കാനായി 19 സീറ്റുള്ള നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ (എന്‍പിപി) മുന്നണിയുടെ അമരത്ത് നിര്‍ത്താനാണ് ബിജെപി തീരുമാനം. രണ്ടു സീറ്റുള്ള ബിജെപിയെ കൂടാതെ ആറു സീറ്റുള്ള യുഡിപിയും രണ്ടു സീറ്റുള്ള എച്ച്എസ്ഡിപിയും നാല് സീറ്റുള്ള പിഡിഎഫും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒരു സ്വതന്ത്ര എംഎല്‍എയും പിന്തുണ വാഗ്ദാനം ചെയ്തു. മറ്റു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി ഇവര്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
21 സീറ്റ് നേടി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്സിനെ മറികടക്കാന്‍ ബിജെപിയെ സഹായിച്ചത് ചടുലമായ കരുനീക്കങ്ങളാണ്. കോണ്‍ഗ്രസ് കഴിഞ്ഞദിവസം രാത്രി ഗവര്‍ണറെ കണ്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, മുഖ്യമന്ത്രി മുകുള്‍ സാങ്മ ഗവര്‍ണര്‍ ഗംഗപ്രസാദിനെ സന്ദര്‍ശിച്ച് രാജിക്കത്തു നല്‍കി.
തൂക്കുമന്ത്രിസഭയുമായി സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോവല്‍ എളുപ്പമല്ല. എന്നാല്‍, തങ്ങളോടൊപ്പമുള്ള എംഎല്‍എമാര്‍ സംസ്ഥാനത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരാണ് എന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിലൂന്നിയാവും തന്റെ പ്രവര്‍ത്തനം- ഗവര്‍ണറെ കണ്ടതിനുശേഷം കോണ്‍റാഡ് സാങ്മ പ്രതികരിച്ചു. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുണ്ടാവില്ലെന്നു ബിജെപി നേതാവ് ഹിമന്ത ബിശ്വാസ് അറിയിച്ചു.

RELATED STORIES

Share it
Top