മേഘാലയയില്‍ അഫ്‌സ്പ ഒഴിവാക്കി

ന്യൂഡല്‍ഹി: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് മേഘാലയയെ ഒഴിവാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. അരുണാചല്‍ പ്രദേശില്‍ അഫ്‌സ്പ നിയമം മൂന്നു ജില്ലകളിലെ എട്ട് പോലിസ് സ്‌റ്റേഷന്‍ പരിധികളിലേക്കു മാത്രമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തേ അരുണാചലില്‍ 16 പോലിസ് സ്‌റ്റേഷന്‍ പരിധികളിലായിരുന്നു നിയമം പ്രാബല്യത്തിലിരുന്നത്. മേഘാലയയില്‍ അസം അതിര്‍ത്തിയോട് ചേര്‍ന്ന 20 കിലോമീറ്റര്‍ ദൂരപരിധിയിലായിരുന്നു നിയമം പ്രാബല്യത്തിലുണ്ടായിരുന്നത്. അരുണാചല്‍ പ്രദേശില്‍ മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന തിരാപ്, ലോങ്ദിങ്, ചാങ്‌ലാങ് ജില്ലകളിലായാണ് അഫ്‌സ്പ നിലനിര്‍ത്തിയിരിക്കുന്ന പോലിസ് സ്‌റ്റേഷനുകള്‍. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് അഫ്‌സ്പ മേഖലകളുടെ എണ്ണം കുറയ്ക്കുന്നത്.
മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശസഞ്ചാരികള്‍ക്കുള്ള സംരക്ഷിത മേഖലാ അനുമതിയിലും (പിഎപി) ആഭ്യന്തരമന്ത്രാലയം ഇളവു വരുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തേക്കാണ് പിഎപിക്ക് സാധുതയുണ്ടാവുക. എന്നാല്‍ പാകിസ്താന്‍, ചൈന, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളെ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നു വിലക്കും. അസം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ മുഴുവന്‍ പ്രദേശങ്ങളിലും അഫ്‌സ്പ നിയമം പ്രാബല്യത്തിലുണ്ട്. മണിപ്പൂരില്‍ ഇംഫാല്‍ നഗരത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങള്‍ അഫ്‌സ്പയുടെ പരിധിയിലാണ്.
സൈന്യത്തിന് അമിതാധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായെന്ന് ആരോപിച്ച് സംഘര്‍ഷമേഖലയില്‍ ആരെയും കൊലപ്പെടുത്താന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന അഫ്‌സ്പയ്‌ക്കെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. 2015ല്‍ ത്രിപുരയെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
വടക്കുകിഴക്കന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ കുറവുണ്ടായതിനാലാണ് മേഘാലയ അടക്കമുള്ള മേഖലകളില്‍ നിന്ന് അഫ്‌സ്പ ഒഴിവാക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 2014 മുതലുള്ള നാലു വര്‍ഷത്തിനിടെ മേഖലയിലെ സായുധ പ്രവര്‍ത്തനങ്ങളില്‍ 63 ശതമാനം കുറവുണ്ടായതായി ആഭ്യന്തരമന്ത്രാലയം പറയുന്നു.

RELATED STORIES

Share it
Top