മേഖലാ എഡിജിപി തസ്തിക നിര്‍ത്തലാക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തു ക്രമസമാധാന ചുമതലയുള്ള മേഖലാ എഡിജിപിമാരുടെ തസ്തിക നിര്‍ത്തലാക്കാന്‍ നീക്കം. ഇതിനു പകരം അഞ്ച് റേഞ്ച് ഐജിമാരെ നിയമിക്കും.
ഇതിനു പുറമെ പോലിസ് ആസ്ഥാനത്തു ക്രമസമാധാന ചുമതലയുള്ള ഒരു എഡിജിപിയെയും നിയമിക്കും. മുഖ്യമന്ത്രിയുടെ പോലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.
കോഴിക്കോട് റേഞ്ച് ഐജിയുടെ തസ്തിക നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ രാജേഷ് ദിവാനെ ഉത്തര മേഖലാ എഡിജിപിയായി നിയമിച്ചപ്പോള്‍ ഡിജിപി തസ്തികയായി ഉയര്‍ത്തിനല്‍കിയിരുന്നു.
കഴിഞ്ഞ 30നു ദിവാന്‍ വിരമിച്ചെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല. നേരത്തെ ഉത്തര മേഖലയിലും ദക്ഷിണ മേഖലയിലും ഐജിമാരായിരുന്നു ക്രമസമാധാന ചുമതല കൈകാര്യം ചെയ്തിരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഇതിനു മാറ്റംവരുത്തി എഡിജിപിമാരെ നിയമിച്ചത്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷമാവും പുതിയ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുക. മേഖലാ എഡിജിപി തസ്തിക നിര്‍ത്തലാക്കുന്നത് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
നിലവില്‍ ഡിജിപി, എഡിജിപി റാങ്കില്‍ 20ലേറെ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ റേഞ്ച് ഐജിമാരും ഉത്തര, ദക്ഷിണ മേഖല എഡിജിപിമാരുമാണ് ക്രമസമാധാന ചുമതല വഹിക്കുന്നത്. തലപ്പത്തു സംസ്ഥാന പോലിസ് മേധാവിയുമുണ്ട്.

RELATED STORIES

Share it
Top