മേഖലയുടെ സൈ്വര്യം തകര്‍ത്ത് സിപിഎം- സിപിഐ സംഘര്‍ഷംകണ്ണനല്ലൂര്‍: മുഖത്തലയില്‍ അടിക്കടിയുണ്ടാകുന്ന സിപിഎം-സിപിഐ സംഘര്‍ഷം മേഖലയില്‍ സൈ്വര്യം തകര്‍ക്കുന്നു. എഐഎസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവുമായ ഗിരീഷിന് ബുധനാഴ്ച രാത്രി 11ന് വെട്ടേറ്റതാണ് ഏറ്റവും ഒടുവില്‍ നടന്ന സംഭവം. കൈ കാലുകള്‍ക്കു വെട്ടേറ്റ ഗിരീഷ് മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ചു തൃക്കോവില്‍ വട്ടം പഞ്ചായത്തില്‍ സിപിഐ ഹര്‍ത്താല്‍ ആചരിച്ചു. ആഴ്ചകള്‍ക്കു മുമ്പ് സിപിഎം നേതാവും പഞ്ചായത്ത് അംഗവുമായ സതീഷ് കുമാറിനെ അജ്ഞാത സംഘം വെട്ടി പരിക്കേല്‍പിച്ചിരുന്നു. മുഖത്തലയില്‍ എഐഎസ്എഫ് ജില്ലാ സമ്മേളന ദിവസം നടന്ന സിപിഎം- സിപിഐ സംഘര്‍ഷത്തിന്റെ ഭാഗമായി സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫിസും ഡിവൈഎഫ്‌ഐ നിയന്ത്രണത്തിലുള്ള സ്വരലയ സാംസ്‌കാരിക വേദി ഓഫിസും പരസ്പരം തല്ലി തകര്‍ത്തിരുന്നു. അന്ന് രാത്രിയാണ് സതീഷ് കുമാറിന് വെട്ടേറ്റത്. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിന്റെ പ്രതികാരമെന്നോണമാണ് എഐഎസ്എഫ് നേതാവിനെതിരെയുള്ള ആക്രമണമെന്ന് കരുതപ്പെടുന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും രണ്ടു അക്രമങ്ങളിലെയും പ്രതികളെ ഉടന്‍ പിടികൂടുമെന്നും കൊട്ടിയം പോലിസ് പറഞ്ഞു. എന്നാല്‍ അടിക്കടി ഒരേ മുന്നണിയില്‍പെട്ട പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷം മേഖലയിലാകെ സൈ്വര്യം നഷ്ടപ്പെടുത്തുകയാണ്. സംഘര്‍ഷങ്ങളുടെ ഭാഗമായി ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. ഇത് തൃക്കോവില്‍ വട്ടം പഞ്ചായത്തിലെ പ്രധാന ടൗണ്‍ ആയ കണ്ണനല്ലൂരിലെ വ്യാപാര സ്ഥാപനങ്ങളെയാണ് ഗുരുതരമായി ബാധിക്കുന്നത്. ദേശീയ പണിമുടക്കുകള്‍, സംസ്ഥാന ഹര്‍ത്താലുകള്‍ എന്നിവയ്ക്ക് പുറമെ പ്രാദേശിക സംഘര്‍ഷങ്ങളുടെ പേരിലും അടിക്കടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതു പതിനായിരക്കണക്കിന് രൂപ മാസ വാടക നല്‍കി കച്ചവടം നടത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. കാലങ്ങളായി മേഖലയില്‍ നില നില്‍ക്കുന്ന സിപിഎം-സിപിഐ ശീത സമരം മുഖത്തലയില്‍ എഐഎസ്എഫ് ജില്ലാ സമ്മേളനം പ്രഖ്യാപിച്ചതോടെ തെരുവ് യുദ്ധമായി മാറുകയായിരുന്നു. സമ്മേളന പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്ത് കൊണ്ടാണ് അന്ന് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. ഇടതു മുന്നണി ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഎമ്മിന് ഒമ്പതും സിപിഐക്കു അഞ്ചും അംഗങ്ങളാണുള്ളത്.ഒരു ഘട്ടത്തില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റ സംഭവത്തില്‍ അവിശ്വാസം പാസാക്കുന്നതിനെ ചൊല്ലി ഭരണ സ്തംഭനം പോലും ഉണ്ടായിരുന്നു. വീണ്ടും സംഘര്‍ഷമുണ്ടായതോടെ മുന്നണിയില്‍ വീണ്ടും വിള്ളല്‍ ഉണ്ടായിരിക്കുകയാണ് .

RELATED STORIES

Share it
Top