മേഖലയില്‍ വ്യാപകമായ ആയുധ ശേഖരണം; അക്രമികള്‍ ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍

വടകര: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടകരയിലും പരിസര പ്രദേശങ്ങളിലും സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ വീടുകള്‍ക്ക് നേരെ നടന്ന ബോംബേറില്‍ ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍. മേഖലയില്‍ ഇരുപാര്‍ട്ടികളും വ്യാപകമായി ആയുധം ശേഖരിച്ചിട്ടുണ്ടെന്നാണ് സംഭങവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ അത് സംബന്ധമായ യാതൊരു അന്വേഷണവും നടക്കുന്നില്ല.
ബിജെപിയും സിപിഎമ്മും കൊണ്ടു കൊടുത്തും മുന്നേറുന്ന അവസ്ഥ മേഖലയില്‍ സമാധാന ജീവിതത്തിന് ഭീഷണിയായിട്ടുണ്ട്. ഇരുപാര്‍ട്ടികളും നേരത്തെ കരുതിവെച്ച ആയുധങ്ങളാണ് ഇപ്പോള്‍ പുറത്തെടുക്കുന്നത്. പോലിസ് തൊലിപ്പുറമുള്ള അന്വേഷണം മാത്രമാണ് നടത്തുന്നതെന്നാണ് ആക്ഷേപം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കയ്യാളുന്ന പാര്‍ട്ടികള്‍ സൈ്വര ജീവിതത്തിന് ഭീഷണി ഉയര്‍ത്തിയിട്ടും പോലീസ് നിസ്സംഗത പുലര്‍ത്തുകയാണെന്നും ആരോപണമുണ്ട്. കൃത്യമായി ഇടവിട്ട് അക്രമം നടത്താന്‍ കഴിയത്തക്കവിധം അക്രമികള്‍ ആയുധ ശേഖരം സൂക്ഷിച്ചു വച്ചുവെന്നതിനുള്ള തെളിവാണ് പകരത്തിനു പകരമുള്ള ബോംബേറ് നടന്നത്. പലതും ഭയപ്പെടുത്താനുള്ള രീതിയിലാണ് അക്രമികള്‍ എറിഞ്ഞതെങ്കിലും ഏറ് കൊണ്ട വീടുകള്‍ പരിശോധിക്കുമ്പോള്‍ ഉഗ്രശേഷിയുള്ളതാണെന്ന് വ്യക്തമാണ്. അത് കൊണ്ട് തന്നെ ഇരുപാര്‍ട്ടികളുടെയും ആയുധ ശേഖരത്തെ കുറിച്ചുള്ള അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
പൈപ്പ് ബോംബ്, സ്റ്റീല്‍ ബോംബ് എന്നിവയാണ് അക്രമികള്‍ ഉപയോഗിച്ചത്. പ്രദേശത്തെയാകെ കിടിലംകൊള്ളിക്കുന്ന തരത്തിലുള്ള ശബ്ദമാണ് ഈ ബോംബുകള്‍ക്കുള്ളതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഒരു പാര്‍ട്ടിയില്‍പെട്ടയാളുടെ വീടിന് നേരെ അക്രമം നടത്തിക്കഴിഞ്ഞ് പിറ്റേന്ന് തന്നെ കൃത്യമായി തിരിച്ചടി നല്‍കുന്ന രീതിയിലാണ് ഈ കുറച്ച് ദിവസത്തിനുള്ള വടകരയിലെ സംഭവം. ഇത്തരത്തില്‍ ബോംബ് രാഷ്ട്രീയം ഇരു വലിയ പാര്‍ട്ടികളും കൃത്യമായ മുന്‍വിധിയോടെ കൈകാര്യം ചെയ്തപ്പോള്‍ നഷ്ടപ്പെട്ട സമാധാനവും, ശാന്തിയും നിലനിര്‍ത്താന്‍ പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം സംഭവങ്ങളില്‍ ഒരു പ്രതിയെ പോലും പോലീസ് പിടികൂടിയിട്ടില്ലെന്ന് മാത്രമല്ല, ആയുധങ്ങള്‍ക്കായി ഒരു തിരച്ചില്‍ പോലും പോലീസ് നടത്തിയിട്ടില്ല.

RELATED STORIES

Share it
Top