മേക്ക് ഇന്‍ ഇന്ത്യ രാജ്യം കണ്ട ഏറ്റവും വലിയ തൊഴില്‍ അഴിമതി: ശിവസേന

ന്യൂഡല്‍ഹി: എന്‍ഡിഎ കൊണ്ടുവന്ന “മേക്ക് ഇന്‍ ഇന്ത്യ പദ്ധതി’ രാജ്യം കണ്ട ഏറ്റവും വലിയ തൊഴില്‍ അഴിമതിയാണെന്ന് ശിവസേന. ശിവസേനാ മുഖപത്രം സാമ്‌നയിലെ റോക്തോക് എന്ന പ്രതിവാര പംക്തിയില്‍ പാര്‍ട്ടി എംപി കൂടിയായ സഞ്ജയ് റൗട്ട് ആണ് ആരോപണം ഉന്നയിച്ചത്.
റഫേല്‍ ഇടപാടില്‍ ആരോപണം നേരിടുന്ന കേന്ദ്ര സര്‍ക്കാരിനെ ശിവസേനയുടെ ആരോപണം കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ബിജെപി പറയുന്നത് പോലെ സംഭവിക്കുമായിരുന്നെങ്കില്‍ ഇന്ത്യ യുവാക്കള്‍ക്ക് ആകര്‍ഷണീയമായ സ്ഥലമാകുമായിരുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ക്യൂ നില്‍ക്കുന്നുവെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ ഇതൊന്നും ഇതുവരെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ പ്രകടമായിട്ടില്ല. അതിനര്‍ഥം വലിയ അഴിമതി നടന്നുവെന്നാണ്’ ലേഖനത്തില്‍ സഞ്ജയ് റൗട്ട് പറയുന്നു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തൊഴിലില്ലായ്മ. ഇത് സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഒരു കോടി തൊഴിലവസരം രാജ്യത്ത് സൃഷ്ടിച്ചുവെന്നാണ് മോദി അവകാശപ്പെടുന്നത്.
എന്നാല്‍ നോട്ട് നിരോധനം മൂലം 40 ലക്ഷം പേരുടെ തൊഴിലവസരം നഷ്ടപ്പെടുത്തിയെന്നതാണ് യഥാര്‍ഥ്യം. ഏറ്റവുമധികം തൊഴില്‍ ലഭിക്കുമായിരുന്ന കാര്‍ഷിക മേഖല തകര്‍ന്നതും തൊഴില്‍ നഷ്ടത്തിന് കാരണമായി. തൊഴില്‍നഷ്ടത്തെക്കുറിച്ച് ആരെങ്കിലും സര്‍ക്കാരിനോടു ചോദിച്ചാല്‍ അവരെ രാജ്യദ്രോഹികളാക്കുകയാണെന്നും സഞ്ജയ് ലേഖനത്തില്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top