മെസ്സിയുടെ ഗോള്‍നഷ്ടമല്ല, റാഫിയുടെ ജീവിതനഷ്ടമാണു വലുത്

കോഴിക്കോട്: നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ; ഖല്‍ബ് തകര്‍ന്ന് ഒന്നു കരയാന്‍പോലുമാവാതെ എന്ന ആമുഖത്തോടെ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട മുഹമ്മദ് റാഫിയെക്കുറിച്ച് ഷറഫുദീന്‍ സഹ്റ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി.
മണ്ണിനടിയില്‍ നിന്നു പുറത്തെടുത്ത പിഞ്ചുമോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍... എല്ലാം കണ്ടു ഖല്‍ബ് തകര്‍ന്ന്, തന്റെ സ്വപ്‌നങ്ങള്‍ക്കു മീതെ വന്നുപതിച്ച മണ്‍കൂനകള്‍ നോക്കി, ഒന്നുറക്കെ കരയാന്‍പോലുമാവാതെ വിറങ്ങലിച്ചുനില്‍ക്കുകയാണീ സഹോദരന്‍. സഹനം നല്‍കണേ നാഥാ, എല്ലാം താങ്ങാനുള്ള കരുത്തു നല്‍കണേ റബ്ബേ... എന്ന പ്രാര്‍ഥനയോടെ അവസാനിക്കുന്ന പോസ്റ്റില്‍ ആയിരങ്ങളാണ് പ്രാര്‍ഥനകളോടെ കമന്റുകളിട്ടത്.
വേദനയോടെയും കണ്ണുനീരണിഞ്ഞുമല്ലാതെ ഷറഫുദ്ദീന്റെ പോസ്റ്റ് വായിക്കാനാവില്ല. ഉമ്മയുള്‍പ്പെടെ കണ്ടുകിട്ടാനുള്ളവര്‍ക്കായി കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തുന്നിടത്ത് നിര്‍വികാരനായി നോക്കിനില്‍ക്കുന്ന റാഫിയുടെ പടം സഹിതമാണ് പോസ്റ്റ്. ഒരു വീട്ടിലെ എട്ടുപേരെയും ഉരുള്‍പൊട്ടല്‍ തട്ടിയെടുത്ത കരിഞ്ചോല ഹസന്റെ മകനാണ് മുഹമ്മദ് റാഫി. സൗദിയില്‍ ജോലിനോക്കിയിരുന്ന റാഫി പുതുതായി വാങ്ങിയ സ്ഥലത്ത് വീടുണ്ടാക്കണമെന്ന സ്വപ്‌നവുമായി നാട്ടിലേക്കു മടങ്ങാനിരിക്കെയാണു ദുരന്തം. വിവരമറിഞ്ഞ് വെള്ളിയാഴ്ച വൈകീട്ട് തന്നെ റാഫി നാട്ടിലെത്തിയിരുന്നു. വീടിരുന്നിടത്ത് ഇപ്പോള്‍ മണ്‍കൂമ്പാരം മാത്രമാണു ബാക്കി.
ഭിന്നശേഷിക്കാരനായ പിതാവ് ഹസന്‍, മാതാവ് ആസ്യ, സഹോദരി പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ജന്നത്ത്, ഭാര്യ ഷംന, മകള്‍ മൂന്നുവയസ്സുകാരി നിയ ഫാത്തിമ, മറ്റൊരു സഹോദരി നുസ്രത്ത്, മക്കളായ ഒരുവയസ്സുകാരി റിഫ മറിയം, മൂന്നരവയസ്സുകാരി റിന്‍ഷ മഹറിന്‍ എന്നിവരെ ദുരന്തത്തില്‍ നഷ്ടപ്പെട്ടു. സഹോദരി നുസ്രത്തും മക്കളും കുപ്പായക്കോട്ടെ വീട്ടില്‍നിന്ന് തറവാട്ടില്‍ വിരുന്നെത്തിയതായിരുന്നു.

RELATED STORIES

Share it
Top