മെര്‍സ് വൈറസ്: സൗദിയില്‍ നാലു മാസത്തിനിടെ 23 മരണം

ജനീവ: ഈ വര്‍ഷം ജനുവരി 21നും മെയ് 31നുമിടയില്‍ സൗദി അറേബ്യയില്‍ മെര്‍സ് വൈറസ് ബാധയേറ്റ് 23 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. 73 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 2012ല്‍ മെര്‍സ് വൈറസ് ബാധ മനുഷ്യരില്‍ കണ്ടെത്തിയതിനു ശേഷം ഇതുവരെ 790 പേരാണ് ഈ അണുബാധയേറ്റു മരിച്ചതെന്നും കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഏഴു വര്‍ഷത്തിനിടെ 2,220 പേര്‍ക്ക് മെര്‍സ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 1,844 പേരും സൗദിയില്‍ നിന്നുള്ളവരാണ്. ഫെബ്രുവരിയില്‍ ഹഫെ ര്‍ അല്‍ ബത്തീനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മെര്‍സ് വൈറസ് ബാധയേറ്റ രോഗിയില്‍ നിന്ന് മൂന്ന് ആശുപത്രി ജീവനക്കാര്‍ക്കും രോഗബാധയേറ്റിരുന്നു. ഇതേ മാസം തന്നെ റിയാദിലെ ഒരു ആശുപത്രിയിലും ആറു പേര്‍ക്ക് അണുബാധയേറ്റു. ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗബാധയുണ്ടായിരുന്നില്ല. ജിദ്ദയിലും നജ്‌റാനിലുമാണ് മറ്റു രണ്ടു മെര്‍സ് ബാധകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
വൈറസ് ബാധയേറ്റ മൂന്നിലൊരാള്‍ മരിക്കുമെന്നാണു ശരാശരി കണക്ക്. രോഗബാധ പെട്ടെന്നു തിരിച്ചറിയപ്പെടാന്‍ കഴിയാത്തതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പുണ്ട്.
മൃഗങ്ങളുമായി ഇടപഴകിയാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുക, തിളപ്പിക്കാത്ത ഒട്ടകപ്പാല്‍ കുടിക്കുന്നത് ഒഴിവാക്കുക, ശരിയായ വേവിക്കാത്ത ഒട്ടകമാംസം ഭക്ഷിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മുന്നറിയിപ്പുകളും ഉണ്ട്. ഈ വര്‍ഷം സൗദിക്കു പുറത്ത് ഒമാന്‍, യുഎഇ, മലേസ്യ എന്നിവിടങ്ങളിലായി മൂന്ന് മെര്‍സ് വൈറസ് ബാധകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

RELATED STORIES

Share it
Top