മെയ്ന്‍ കാംഫ് എന്ന ബെസ്റ്റ് സെല്ലര്‍

ഇന്ത്യയിലെ നാത്‌സി  സ്‌നേഹികള്‍- 2   -  ശ്രേനിക്  റാവു

കുപ്രസിദ്ധമായ ഈ വിവാദവിഷയം പ്രസാധകര്‍ക്കു പണം കൊയ്യുന്നതായി നിലനില്‍ക്കുന്നു. മെയ്ന്‍ കാംഫിന്റെ ഇംഗ്ലീഷ് പതിപ്പുകള്‍ ഇന്ത്യയിലെ നിരവധി പ്രമുഖ പ്രസാധകര്‍ പുറത്തിറക്കിയിട്ടുണ്ട്. അവ വിമാനത്താവളങ്ങളിലും പുസ്തകശാലകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. വിലകുറഞ്ഞ പതിപ്പുകള്‍ പ്രമുഖ നഗരങ്ങളിലെ തെരുവോരങ്ങളിലും നിറയുന്നു. ഇന്ത്യയിലെ പുസ്തക ചില്ലറവില്‍പന ശൃംഖല ക്രോസ്‌വേഡ് മൂന്നു വര്‍ഷത്തിനകം വിറ്റഴിച്ചത് 25,000 പുസ്തകങ്ങളാണ്. മുംബൈയിലെ ജൈക്കോ മാത്രം ഏഴു വര്‍ഷങ്ങളിലായി ഒരു ലക്ഷം കോപ്പികള്‍ വിറ്റു. ഗുജറാത്തി, ഹിന്ദി, മലയാളം, തമിഴ്, ബംഗാളി തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് ഈ കൃതി ഭാഷാന്തരം ചെയ്യപ്പെട്ടു. അവയും ഇന്ത്യയിലുടനീളം വില്‍ക്കപ്പെടുന്നു.
ഹിംസാത്മകതയുള്ള ഒരു കിറുക്കനെ പുകഴ്ത്തുന്നതിനെ യുവതലമുറ വളരെ ഉദാസീനതയോടെ കരുതുന്നത് തീര്‍ച്ചയായും ആപദ്‌സൂചനയാണ്. ഇതു യുവാക്കളുടെ നിഷ്‌കളങ്കതയാണോ അതല്ല, ഹിന്ദു ദേശീയവാദികളുടെ രാഷ്ട്രീയ രക്ഷാധികാരത്തിലുള്ള നിരന്തര പ്രചാരണത്തിന്റെ ഫലമാണോ?
അനൗപചാരിക സംഭാഷണങ്ങളില്‍ ഹിറ്റ്‌ലറോട് ആദരപൂര്‍ണമായ, ഏതാണ്ട് അന്ധമായ ആരാധന പ്രകടിപ്പിക്കുന്ന ലോകം ചുറ്റുന്ന ഇന്ത്യക്കാരുടെ എണ്ണം അമ്പരപ്പിക്കും. ഈ രാജ്യത്തിന് ഹിറ്റ്‌ലറെപ്പോലെ ഒരു ഏകാധിപതി വേണം- ലോകത്തെ മികച്ച സര്‍വകലാശാലകളിലെ ബിരുദധാരികളായ ഇന്ത്യക്കാരില്‍ സ്ഥിരമായി കേള്‍ക്കുന്നതാണിത്. 2002ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വോട്ടെടുപ്പില്‍ ഇന്ത്യക്ക് നിര്‍ബന്ധമായും ഉണ്ടാവേണ്ടതരം നേതാവായി 17 ശതമാനം പേര്‍ താല്‍പര്യപ്പെട്ടത് ഹിറ്റ്‌ലറെയാണ്. ആ നിലയ്ക്ക് ഐസ്‌ക്രീം പാര്‍ലറുകളും റസ്‌റ്റോറന്റുകളും തുണിക്കടകളും ചലച്ചിത്ര-ടെലിവിഷന്‍ ഷോകളും ഹിറ്റ്‌ലര്‍ എന്നോ നാത്‌സി എന്നോ തങ്ങളുടെ ബ്രാന്‍ഡിന്റെ പേരായി സ്വീകരിച്ചുവെങ്കില്‍ ഒട്ടും അദ്ഭുതപ്പെടാനില്ല.
ഹിറ്റ്‌ലറുടെ പേരില്‍ ഇന്ത്യയിലെ നിരവധി രാഷ്ട്രീയനേതാക്കള്‍ സ്വന്തം കരിയര്‍ കെട്ടിപ്പടുത്തിട്ടുണ്ട്. ഇന്നത്തെ ഇന്ത്യയില്‍ വേണ്ടത് ഒരു ഹിറ്റ്‌ലറാണെന്നായിരുന്നു ശിവസേനയുടെ നേതാവ് ബാല്‍ താക്കറെ 1967ല്‍ പ്രസ്താവിച്ചത്.
സവിശേഷമായ മതഭ്രാന്ത്, മറുനാട്ടുകാരോടുള്ള വിരോധം, വിദ്വേഷ പ്രചാരണം എന്നിവ പ്രകടിപ്പിക്കുന്ന താക്കറെയുടെ തത്വശാസ്ത്രം വംശഹത്യാപരമായ നാത്‌സി ആശയങ്ങളുടെ തല്‍പകര്‍പ്പല്ലെങ്കിലും ഏതാണ്ട് സമാനമാണ്. മുസ്‌ലിംകളെ കൊല്ലുന്നതിന് ആത്മഹത്യാ സംഘങ്ങള്‍ക്കു രൂപം നല്‍കാന്‍ ഒരിക്കല്‍ അയാള്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു. നാത്‌സി വംശഹത്യയില്‍ പ്രകടമായും പ്രചോദനം തേടുന്ന സവിശേഷ ബ്രാന്‍ഡ് ഹിന്ദു ഫാഷിസമാണ് താക്കറെ സൃഷ്ടിച്ചത്.
''നാത്‌സി ജര്‍മനിയിലെ ജൂതരെപ്പോലെ മുസ്‌ലിംകളെ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല''- 1993ല്‍ ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ''മെയ്ന്‍ കാംഫിലെ ജൂതന്‍ എന്ന പദം മാറ്റി ആ സ്ഥാനത്തു മുസ്‌ലിം എന്ന വാക്കു ചേര്‍ക്കുക. അതിലാണ് എന്റെ വിശ്വാസം''- അദ്ദേഹം പറഞ്ഞു. ബാല്‍ താക്കറെയുടെ സഹോദരപുത്രന്‍ രാജ് താക്കറെ 2009ല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: ''സംഘാടനശേഷിയില്‍ ഹിറ്റ്‌ലറെ വെല്ലാന്‍ കഴിയുന്നവര്‍ കുറവാണ്... ഏതൊരു നേതാവും അസൂയപ്പെടുമാറ് മറ്റു നിരവധി കാര്യങ്ങളും ഹിറ്റ്‌ലറെ സംബന്ധിച്ചുണ്ട്്.''
ഹിറ്റ്‌ലേഴ്‌സ് ഡെന്‍ എന്ന പൂള്‍ പാര്‍ലറുള്ള നാഗ്പൂര്‍ നഗരത്തില്‍ ആസ്ഥാനമുള്ള വലതുപക്ഷ ആര്‍എസ്എസ് നേതാക്കള്‍ക്കു വീരനായകനാണ് ഹിറ്റ്‌ലര്‍. നിലവിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയും ഉയര്‍ന്നുവന്നത് ആര്‍എസ്എസിലൂടെയാണ്.
ആര്‍എസ്എസിന്റെ ആദ്യകാല മാര്‍ഗദര്‍ശിയും അതിതീവ്ര ഹിന്ദു ദേശീയവാദിയുമായ വി ഡി സവര്‍ക്കര്‍ക്ക് നാത്‌സിസത്തോട് അതിയായ താല്‍പര്യമുണ്ടായിരുന്നു. അദ്ദേഹം ഹിറ്റ്‌ലറുടെ ജൂതവിരുദ്ധ വംശഹത്യകളെ പിന്തുണയ്ക്കുകയും ചെയ്തു. 1940ല്‍ ഹിന്ദു സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു: ഒരു നാത്‌സിയായി അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഹിറ്റ്‌ലര്‍ മനുഷ്യാകാരം പൂണ്ട രാക്ഷസനാണെന്നു കരുതുന്നത് യുക്തിരഹിതമാണ്. നാത്‌സിസം ജര്‍മനിയുടെ രക്ഷകനാണെന്ന് അനിഷേധ്യമാംവിധം തെളിയിച്ചു. ഇന്ത്യയില്‍ നിന്നു മുസ്‌ലിംകളെ പുറന്തള്ളണമെന്ന് ആവശ്യപ്പെട്ടു സവര്‍ക്കര്‍ എഴുതി: നാം ഇന്ത്യയിലെ ഹിന്ദുക്കള്‍ കൂടുതല്‍ കരുത്തരായി വളര്‍ന്നാല്‍, യഥാസമയം മുസ്‌ലിംലീഗിന്റെ സുഹൃത്തുക്കള്‍ ജര്‍മന്‍ ജൂതരുടെ സ്ഥാനത്തായിരിക്കും.
അന്ധമായ ഈ നാത്‌സി പ്രശംസ കേവലമൊരു അപഭ്രംശമല്ല. ആര്‍എസ്എസ് നേതൃത്വത്തിനിടയില്‍ അതു വ്യാപകമായിരുന്നു; ഇപ്പോഴും ആണ്. വിദ്വേഷത്തിന്റെ ഗുരു എന്നുകൂടി അറിയപ്പെടുന്ന ആദ്യകാല ആര്‍എസ്എസ് നേതാവ് എം എസ് ഗോള്‍വാള്‍ക്കര്‍, ഹിറ്റ്‌ലറുടെ സാംസ്‌കാരിക ദേശീയതയെ വിഗ്രഹവല്‍ക്കരിച്ചു; ഹിറ്റ്‌ലറുടെ സര്‍വാധിപത്യപരമായ ഫാഷിസ്റ്റ് ശൈലിയില്‍ ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ ആഗ്രഹിച്ചു.
1939ല്‍ രചിച്ച നാം, നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു എന്ന കൃതിയില്‍ അദ്ദേഹം എഴുതി: ജര്‍മന്‍കാരുടെ വംശാഭിമാനം ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു. വംശത്തിന്റെയും സ്വന്തം സംസ്‌കാരത്തിന്റെയും പവിത്രത സംരക്ഷിക്കുന്നതിന് രാജ്യത്തു നിന്നു സെമിറ്റിക് വംശജരെ- ജൂതരെ- പുറന്തള്ളി ജര്‍മനി ലോകത്തെ ഞെട്ടിച്ചു. ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിക്കാനും പ്രയോജനപ്പെടുത്താനും നല്ലൊരു പാഠമാണിത്. അശ്രദ്ധമായതോ ചിന്താരഹിതമായതോ ആയ പരാമര്‍ശമല്ല മറിച്ച്, ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത രാഷ്ട്രീയനീക്കമാണിത്.
ഭീകരസംഘടനയെന്ന ദുഷ്‌പേരുള്ള, മൂന്നു തവണ നിരോധിക്കപ്പെട്ട ആര്‍എസ്എസ് മോദി പ്രധാനമന്ത്രിപദത്തില്‍ എത്തിയതോടെ ഇപ്പോള്‍ രാഷ്ട്രീയ മുഖ്യ അരങ്ങില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ഹിന്ദു നാത്‌സിസത്തോട് വിശേഷിച്ചും യുവാക്കള്‍ കാണിക്കുന്ന താല്‍പര്യം വളരെ അപകടകരമാണ്. ആക്രമണാത്മക ഹിന്ദു ദേശീയതയെ പ്രോല്‍സാഹിപ്പിക്കുന്ന നേതാക്കള്‍ ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ കൊല്ലുമെന്നും തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളുടെ കഴുത്തറുക്കുമെന്നും വീരവാദം മുഴക്കുന്നു.
അനൗപചാരികമായി ഉദാസീനതയോടെ നടത്തുന്ന വംശീയ പ്രസ്താവനകള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കു നേരെ വളര്‍ന്നുവരുന്ന വെറുപ്പ് സ്വയം പ്രകടമാക്കുന്നതാണ്. പൊതുധാരണയ്ക്കു വിരുദ്ധമാണെങ്കിലും ഇന്ത്യയിലും സെമിറ്റിക് വിരുദ്ധതയുണ്ട്. 'ഈ ക്രിസ്ത്യന്‍ മതപ്രചാരകരും തൂക്കിലേറ്റപ്പെടേണ്ടവരാണ്; അവര്‍ക്കു മതപരിവര്‍ത്തനത്തില്‍ മാത്രമാണ് താല്‍പര്യം' എന്നതാണ് എപ്പോഴും കേള്‍ക്കുന്ന മറ്റൊരു പരാമര്‍ശം. ഇന്ത്യന്‍ ജനതയുടെ 2. 4 ശതമാനം മാത്രമാണ് ക്രൈസ്തവരെങ്കിലും അവര്‍ സ്ഥിരമായി ആക്രമിക്കപ്പെടുന്നു. ഇന്ത്യന്‍ മുസ്‌ലിംകളിലെത്തുമ്പോള്‍ ഈ അധിക്ഷേപം അനേകമിരട്ടിയാവുന്നു.
ഖുശ്‌വന്ത് സിങ് 2003ല്‍ എഴുതിയതുപോലെ, 'അസഹിഷ്ണുതയുടെ ക്ഷേത്രത്തില്‍നിന്നാണ് ഹിന്ദു മൗലികവാദം ഉയര്‍ന്നുവന്നത്. അത് മുന്നോട്ടുള്ള യാത്ര തുടരുകയാണ്. ഹിന്ദു മതഭ്രാന്തന്മാരുടെ ഫാഷിസ്റ്റ് അജണ്ട ആധുനിക ചരിത്രത്തില്‍ നാം പരിചയിച്ച മറ്റേതില്‍ നിന്നു വ്യത്യസ്തമാണ്.'
ഇന്ത്യ എന്ന ആശയം തന്നെ നിലനില്‍ക്കുന്നത് സാമുദായിക സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മതേതര മൂല്യങ്ങളുടെയും അടിത്തറകളിലാണ്. ഹിന്ദുത്വ നാത്‌സിസവുമായി വരുന്ന
ഹിറ്റ്‌ലര്‍ക്ക് സമാനമായ വംശഹത്യാ ലക്ഷ്യങ്ങള്‍ക്കായി നിലകൊള്ളുന്ന, ലക്ഷ്യം പുനര്‍നിര്‍ണയിച്ച നാത്‌സിസവുമായി- നമ്മുടെ തന്നെ ന്യൂനപക്ഷ സമുദായങ്ങളാണ് ലക്ഷ്യം- രാഷ്ട്രീയകക്ഷികളും വോട്ടര്‍മാരും സമാധാനത്തിന്റെ മതമായ ഹൈന്ദവതയെ റാഞ്ചുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നാം തന്നെയാണ്.                            ി

(അവസാനിച്ചു )
(മദ്രാസ് കൊറിയര്‍)

(ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പൂര്‍വവിദ്യാര്‍ഥിയായ ലേഖകന്‍, ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിലെ റോയ്‌ട്ടേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ജേണലിസം ഫെലോ ആണ്.)

(പരിഭാഷ: പി എ എം ഹാരിസ്)

RELATED STORIES

Share it
Top