മെഡി. കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടര്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടര്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തന സമയം. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ പ്രവേശിക്കുന്ന രോഗികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് സംബന്ധമായ സേവനങ്ങള്‍ ഈ കൗണ്ടറില്‍ നിന്നാണ് ലഭിക്കുക.
സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുടെ താഴെ നിലയില്‍ ഒപി വിഭാഗത്തിനു സമീപമാണ് ആര്‍എസ്ബിവൈ കൗണ്ടര്‍ തയ്യാറാക്കിയത്. ഹൃദ്രോഗം, ന്യൂറോ മെഡിസിന്‍, നെഫ്രോളജി, ഉദരരോഗം, ന്യൂറോ സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലെ രോഗികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലാണ് പ്രവേശിപ്പിക്കുന്നത്. നേരത്തെ ഇവിടെയുള്ള രോഗികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധമായ സേവനങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോവേണ്ടിയിരുന്നു. ഇതു തിരക്കു കൂടുന്നതിന് കാരണമായിരുന്നു.
മെഡിക്കല്‍ കോളജാശുപത്രിയില്‍ അഞ്ചും സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ രണ്ടും കൗണ്ടറുകളാണിപ്പോഴുള്ളത്. ചെസ്റ്റ് ആശുപത്രിയില്‍ ഒരു കൗണ്ടര്‍ ഉടനെ ആരംഭിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ 2008ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആര്‍എസ്ബിവൈ. പദ്ധതിയുടെ 75 ശതമാനം വിഹിതം കേന്ദ്ര സര്‍ക്കാരും ബാക്കി തുക സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. ഗുണഭോക്താവ് ഇന്‍ഷുറന്‍സ് പ്രീമിയമായി 30 രൂപ കുടുംബത്തിന്റെ വിഹിതമായി ഒരു വര്‍ഷത്തേക്ക് അടയ്ക്കണം. 30,000 രൂപ വരെയാണ് ചികില്‍സാ ചെലവിനുള്ള ഇന്‍ഷുറന്‍സ് തുക. ആര്‍എസ്ബിവൈ പദ്ധതിയനുസരിച്ച് ചികില്‍സ സൗജന്യമാണ്.
എന്നാല്‍ ഈ ആരോഗ്യ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ രോഗിയും ബന്ധുക്കളും വലിയ ദുരിതമാണ് നേരിട്ടിരുന്നത്. നിലവില്‍ എട്ടും പത്തും മണിക്കൂര്‍ ക്യൂ നിന്ന് നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുകയാണ് രോഗികള്‍. പുതിയ കൗണ്ടറുകള്‍ വരുന്നതോടെ ഒരു പരിധിവരെ രോഗികളുടെ ദുരിതത്തിന് പരിഹാരമാവും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വി ആര്‍ രാജേന്ദ്രന്‍ നാളെ കൗണ്ടറുകള്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top