മെഡി. കോളജില്‍ സൗജന്യ അരിഭക്ഷണം വൈകുന്നു: ചപ്പാത്തിക്ക് ആവശ്യക്കാര്‍ കുറഞ്ഞു

കോഴിക്കോട്: വിശപ്പില്ലാ നഗരം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജില്‍ നല്‍കിവന്നിരുന്ന സൗജന്യ അരിഭക്ഷണം രണ്ടു മാസമായി രോഗികള്‍ക്ക് ലഭിക്കുന്നില്ല. വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത എലി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടു മാസമായി ഭക്ഷണം നിലച്ചത്. പകരം ജയിലില്‍ നിന്ന് ചപ്പാത്തി കൊണ്ടുവന്നാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കിയിരുന്നത്.
2000 പേര്‍ സൗജന്യ ഭക്ഷണം വാങ്ങിയിരുന്നു. എന്നാല്‍ ചപ്പാത്തിയാക്കിയതിനെ തുടര്‍ന്ന് 100പേര്‍ ആയി ചുരുങ്ങി. കോടതി നടപടിയെ തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ നല്‍കാന്‍ അനുമതിയായിട്ടും കുറഞ്ഞ വിലക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ കരാറുകാരന്‍ തയ്യാറാവുന്നില്ല. തുക വര്‍ധിപ്പിക്കണമെന്ന നിലപാടിലാണ് കരാറുകാര്‍.
വിശപ്പില്ലാ നഗരം പദ്ധതി പ്രകാരം സാമൂഹിക സുരക്ഷാ മിഷന്റെ കീഴിലാണ് സൗജന്യ അരിഭക്ഷണം നല്‍കിയിരുന്നത്. ഡിസംബര്‍ 28ന് നല്‍കിയ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത എലിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. രോഗികളുടെയും രാഷ്ട്രീയ സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ വിതരണ കേന്ദ്രം പൂട്ടുകയും കരാര്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഭക്ഷണം മുടങ്ങാതിരിക്കാന്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് ജയില്‍ ചപ്പാത്തി വിതരണം ചെയ്യാന്‍ സംവിധാനം ഏര്‍പ്പാടക്കുകയായിരുന്നു.

RELATED STORIES

Share it
Top