മെഡി. കോളജില്‍ പുതിയ റേഡിയേഷന്‍ മെഷീന്‍ സ്ഥാപിക്കാന്‍ 3.5 കോടിയുടെ പദ്ധതി

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളേജില്‍ പുതിയ റേഡിയേഷന്‍ മെഷീന്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 3.5 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അനില്‍ അക്കര എംഎല്‍എ അറിയിച്ചു.
2004 ല്‍ സ്ഥാപിച്ച റേഡിയോ തെറാപ്പി ടെലി കോബാള്‍ട്ട് മെഷീന്‍ ഉപയോഗിച്ചാണ് നിലവില്‍ കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. നൂറിലധികം രോഗികള്‍ വരുന്ന മെഡിക്കല്‍ കോളജില്‍ നിലവിലെ മെഷീന്‍ ഉപയോഗിച്ച് പ്രതിദിനം പരമാവധി 40 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ റേഡിയേഷന്‍ നടത്താന്‍ സാധിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ അമല ആശുപത്രിയില്‍ മാത്രമാണ് ഇപ്പോള്‍ ഈ സംവിധാനം ഉള്ളത്. കാലപ്പഴക്കം മൂലം നിലവിലുള്ള ഈ മെഷീന്‍ കേടുവരുന്നത് കൊണ്ട് രോഗികള്‍ക്ക് ജില്ലയ്ക്ക് പുറത്ത് പോകേണ്ട സാഹചര്യമാണ് ഉള്ളത്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് വടക്കാഞ്ചേരി മണ്ഡലത്തിന് അനുവദിച്ച എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 3.5 കോടി രൂപ ഉപയോഗിച്ച് പുതിയ റേഡിയോ തെറാപ്പി ടെലി കോബാള്‍ട്ട് മെഷീന്‍ വാങ്ങുന്നതിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഐ.എ.എസ് ഇപ്പോള്‍ ഭരണാനുമതി നല്‍കിയിട്ടുള്ളത്.
നിലവില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു കൊണ്ട് നടത്തുന്ന പ്രവൃത്തികള്‍ക്ക് 1 കോടി രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.
ഈ പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ്. പദ്ധതി അടിയന്തിരമായി നടപ്പിലാക്കുന്നതിന് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനാണ് ചുമതല നല്‍കിയിരിക്കുന്നതെന്ന് അനില്‍ അക്കര എംഎല്‍എ അറിയിച്ചു.

RELATED STORIES

Share it
Top