മെഡി. കോളജിലെ സൗജന്യ ഭക്ഷണ വിതരണം: സന്നദ്ധ സംഘടനകള്‍ ഡൈനിങ് ഹാള്‍ ഉപയോഗിക്കണം

കോഴിക്കോട്: സന്നദ്ധ സംഘടനകള്‍ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്ന ഭക്ഷണത്തില്‍ ക്രമീകരണം വരുത്തണമെന്ന് ആശുപത്രി അധികൃതര്‍.  അഞ്ച് സന്നദ്ധ സംഘടനകളാണ് ആശുപത്രിയില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്.
രാവിലെ ഒരു സംഘടന നല്‍കുന്ന ഇഡ്ഡലി, ദോശ, വെള്ളപ്പം മുതലായവ വിതരണം ചെയ്യുന്നത് ആശുപത്രിയിലെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന മെസ്സിലെ ഡൈനിങ് ഹാളില്‍ തന്നെയാണ്. ഇത്1300 ലേറെ പേര്‍ക്ക് നല്‍കുന്നു. എന്നാല്‍ ഉച്ചയ്ക്കും വൈകീട്ടും പരിസരത്തുള്ള സംഘടനകള്‍ അവരുടെ കേന്ദ്രങ്ങളില്‍ നിന്നാണ് നല്‍കുന്നത്. ഇത് ആളുകള്‍ ക്യൂ നിന്നാണ് വാങ്ങുന്നത്. ഉച്ചയ്ക്ക് ആശുപത്രിയില്‍ നിന്നുള്ള ചോറുവിതരണം നിലച്ചതിനെ തുടര്‍ന്നു ജയില്‍ ചപ്പാത്തി നല്‍കാന്‍ തുടങ്ങിയതോടെതാണ് പരിസരത്തുള്ള സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഉച്ചയൂണിന് ആളുകള്‍ വര്‍ധിച്ചത്. ഇങ്ങനെ ലഭിക്കുന്ന ഭക്ഷണമെല്ലാം കൂട്ടിരിപ്പുകാര്‍ രോഗികള്‍ക്കൊപ്പം ആശുപത്രിക്കുള്ളില്‍ കൊണ്ടുവന്നാണ് കഴിക്കുന്നത്. ഇത്  ഭക്ഷണാവശിഷ്ടത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമാവുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നു.
അതേസമയം അവശിഷ്ടങ്ങള്‍ നിക്ഷേപിക്കേണ്ട പാത്രങ്ങളിലിടാതെ പലയിടത്തായി ഇടുന്ന പ്രവണതയുമുണ്ട്. ഇത് ആശുപത്രി പരിസരത്ത് മാലിന്യം വര്‍ധിക്കാന്‍ കാരണമാവുകയും പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുകയും ചെയ്യും. ഭക്ഷണങ്ങള്‍ ആശുപത്രിയുടെ ഡൈനിങ് ഹാളില്‍ വച്ച് വിതരണം ചെയ്യണമെന്നും ഓരോ സംഘടനകള്‍ക്കും ഒരോ ദിവസം നല്‍കാമെന്നുമുള്ള നിര്‍ദേശം കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ ആശുപത്രി അധികൃതര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
അന്നേദിവസം അവരുടെ പേരുവിവരം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് വയ്ക്കാനുള്ള സൗകര്യമൊരുക്കുന്നതാണ്. നിര്‍ദേശങ്ങള്‍ സംഘടനകള്‍ അംഗീകരിച്ചാല്‍ ഉച്ചയ്ക്ക് സാമൂഹിക സുരക്ഷാ മിഷന്‍ നല്‍കുന്ന ഭക്ഷണവും രാവിലെയും വൈകുന്നേരവും സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണവും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ലഭിക്കുന്നതോടൊപ്പം പരിസര മലിനീകരണത്തിന് അറുതി വരുത്താന്‍ ഒരു പരിധിവരെ സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. മാലിന്യം വര്‍ധിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള അഞ്ച് ബയോഗ്യാസ് പ്ലാന്റുകളും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യോഗത്തില്‍ ആശുപത്രി ഹെല്‍ത്ത് വിഭാഗം സൂപ്രണ്ട് കുട്ടന്‍ പറഞ്ഞു.

RELATED STORIES

Share it
Top