മെഡി. കോളജിലെ കെഎസ്ഇബി സബ് സ്റ്റേഷന്‍ ഉപകരണങ്ങള്‍ തകരാറിലാവുന്നുആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രി കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി സബ് സ്റ്റേഷനിലെ ഉപകരണങ്ങള്‍ അടിക്കടി തകരാറിലാവുന്നു. കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്ന പ്രാവുകളുടെയും മറ്റ് പക്ഷികളുടെയും കാഷ്ടം വീണാണ് ഉപകരണങ്ങള്‍ക്കു തകരാര്‍ സംഭവിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ആവശ്യമായ വൈദ്യുതി മുഴുവന്‍ നല്‍കുന്നത് ഈ സബ് സ്റ്റേഷന്‍ വഴിയാണ്. ലക്ഷക്കണക്കിന് രൂപ മുടക്കിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി വിതരണം ചെയ്യുന്ന കണ്‍ട്രോള്‍ പാനലുകള്‍ക്കാണ് അടിക്കടി തകരാര്‍ സംഭവിക്കുന്നത്. മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡിനു മുന്‍വശത്താണ് സബ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 2010ല്‍ മെഡിക്കല്‍ കോളജില്‍ നിരവധി കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ഈ കെട്ടിടങ്ങളില്‍ നിരവധി വാര്‍ഡുകളും ശാസ്ത്രക്രിയ തീയേറ്ററുകളും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.എന്നാല്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതിനാല്‍ പുതിയ കെട്ടിടങ്ങളില്‍ വാര്‍ഡുകള്‍ അടക്കമുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അന്നത്തെ ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. മെഹറുന്നിസയും സൂപ്രണ്ട് ഡോ. പി കെ ബാലകൃഷ്ണനും ചേര്‍ന്ന് ആശുപത്രി കോംപൗണ്ടില്‍ സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കി. പിന്നീടു വന്ന സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ച് സബ് സ്റ്റേഷന്‍ പണിയാന്‍ അനുമതി നല്‍കിയെങ്കിലും തുടര്‍ന്ന് വന്ന പ്രിന്‍സിപ്പല്‍ ഡോ. റംലാ ബീവിയും സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സബ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. 2012ല്‍ സബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ സീലിങ് അടര്‍ന്ന് വീഴാന്‍ തുടങ്ങി. സീലിങില്ലാത്ത ഭാഗത്ത് പ്രാവുകളും മറ്റ് പക്ഷികളും കാഷ്ടിക്കുന്നതു മൂലം ലക്ഷങ്ങള്‍ മുടങ്ങി സ്ഥാപിച്ച കണ്‍ട്രോള്‍ പനാലുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ തുടങ്ങി. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗത്ത് രണ്ട് ഇഷ്ടികയുടെ നീളത്തില്‍ വിടവുള്ളതിനാല്‍ പ്രാവുകള്‍ക്കും മറ്റു പക്ഷികള്‍ക്കും അകത്തു കയറി കൂടുകൂട്ടാനും കാഷ്ടിക്കുന്നതും സൗകര്യമാണ്. ഈ വിടവ് അടച്ചാല്‍ പ്രാവുകളോ മറ്റുപക്ഷികളോ അകത്തു പ്രവേശിക്കില്ല. എന്നാല്‍ പിഡബ്ല്യുഡി വിഭാഗമാണ് ഇക്കാര്യം ചെയ്യേണ്ടതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

RELATED STORIES

Share it
Top