മെഡിക്കല്‍ സീറ്റ് സംവരണം റദ്ദാക്കിയത് ദ്വീപുകാര്‍ക്ക് തിരിച്ചടിയാവുന്നു

പി വി മുഹമ്മദ് ഇഖ്ബാല്‍

കോഴിക്കോട്: ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്തിരുന്ന 12 എംബിബിഎസ് സീറ്റുകള്‍ റദ്ദാക്കിയത് ദ്വീപുകാരുടെ ഉന്നത പഠനമോഹങ്ങള്‍ക്ക് തിരിച്ചടിയാവുന്നു.
തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലായി എംബിബിഎസിന് നാല് സീറ്റും ബിഡിഎസിന് രണ്ട് സീറ്റും ബാക്കി സീറ്റുകള്‍ മറ്റു സംസ്ഥാനങ്ങളിലുമുള്‍പ്പെടെ 13 മെഡിക്കല്‍ സീറ്റുകളാണ് കേന്ദ്രതലത്തില്‍ നീക്കിവച്ചിരുന്നത്. ബിജെപി സര്‍ക്കാരാണ് 12 മെഡിക്കല്‍ സീറ്റുകള്‍ റദ്ദാക്കിയത്. എംബിബിഎസിന് പതിനൊന്നും ബിഡിഎസിന് രണ്ടു സീറ്റുകളുമുണ്ടായിരുന്നപ്പോള്‍ പഠിച്ചിറങ്ങിയ ഡോക്ടര്‍മാരാണ് 10 ദ്വീപുകളിലെയും ഹെല്‍ത്ത് സെന്ററുകളിലും ജോലിചെയ്യുന്നത്. അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷയില്‍ മല്‍സരിക്കുന്നതിനുള്ള പരിശീലനങ്ങളൊന്നും ദ്വീപുകാര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ക്കായി 13 സീറ്റുകള്‍ സംവരണം ചെയ്തത്.
എംബിബിഎസ്-ബിഡിഎസ് സീറ്റുകള്‍ക്ക് സംവരണം ചെയ്തതുപോലെ സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലും ദ്വീപുകാര്‍ക്ക് ഡിഗ്രി-പിജി സീറ്റുകള്‍ക്ക് സംവരണമുണ്ട്. സംസ്ഥാന സര്‍ക്കാരും വിവിധ സര്‍വകലാശാലകളും ഈ സീറ്റുകള്‍ വെട്ടിക്കുറച്ചിട്ടില്ല.
എംബിബിഎസ് സീറ്റ് സംവരണം ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി കവറത്തി ആസ്ഥാനത്തുള്ള അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ സമരം ചെയ്യാനും ദ്വീപുകാര്‍ക്കാവുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ദ്വീപിലേക്ക് അനുവദിക്കുന്ന ഫണ്ടുമായി ബന്ധപ്പെട്ട് ഫയലുകളില്‍ ഒപ്പുവയ്‌ക്കേണ്ടത് അഡ്മിനിസ്‌ട്രേറ്ററാണ്. അതിനാല്‍ കോണ്‍ഗ്രസ്സിനോ നിലവിലുള്ള പാര്‍ലമെന്റംഗത്തിന്റെ പാര്‍ട്ടിയായ എന്‍സിപിക്കോ പ്രതിഷേധിക്കാനാവുന്നില്ല.
മെഡിക്കല്‍ സീറ്റ് റദ്ദാക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്നതിന് ദ്വീപിലെ പാര്‍ലമെന്റംഗം എം ബി ഫൈസലിനായിട്ടില്ലെന്ന് ദ്വീപുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ നിരവധി പെണ്‍കുട്ടികളും സംവരണ ക്വാട്ടയില്‍ പഠിച്ച് ഡോക്ടര്‍മാരാ—യിരുന്നു. പിന്നാക്കക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഭരണഘടനപോലും പരിരക്ഷ നല്‍കുമ്പോഴാണ് ഒരു പ്രത്യേക മതവിഭാഗക്കാരായതിന്റെ പേരില്‍ മാത്രം ബിജെപി സര്‍ക്കാര്‍ ലക്ഷദ്വീപുകാരെ അടിച്ചമര്‍ത്തുന്നത്. ഇതിനെതിരേ പ്രതിഷേധിക്കാന്‍ പോലുമാവാതെ നിസ്സഹായാവസ്ഥയിലാണ് ദ്വീപ് സമൂഹം.

RELATED STORIES

Share it
Top