മെഡിക്കല്‍ ഷോപ്പില്‍ നിന്നു ലഹരി ഗുളികകള്‍ പിടികൂടി; ഉടമയ്‌ക്കെതിരേ കേസ്

ഉദുമ: ലഹരി ഗുളികകള്‍ മെഡിക്കല്‍ ഷോപ്പില്‍ വില്‍പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ബേക്കലിലെ മെഡിക്കല്‍ ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച ആറ്തരം ലഹരിഗുളികകള്‍ കണ്ടെടുത്തു. ബേക്കലിലെ ഫോര്‍ട്ട് മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. മെഡിക്കല്‍ ഷോപ്പ് ഉടമ മധുസൂദനനെതിരെ കേസെടുത്തു. ഇവിടെ കുട്ടികള്‍ക്കടക്കം ഗുളിക വില്‍പന നടത്തുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയത്. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ നടത്താന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് മരുന്നുകള്‍ വിറ്റത്.
പിടിച്ചെടുത്ത ചില ഗുളികകള്‍ പാനീയങ്ങളില്‍ ചേര്‍ത്ത് കുടിച്ചാല്‍ ലഹരിയുണ്ടാകുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത മരുന്നുകളുടെ വിലയും ബാച്ച് നമ്പറും മറ്റും മായിച്ചുകളഞ്ഞനിലയിലായിരുന്നു. കണ്ണൂര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, ജില്ലാ ഇന്‍സ്‌പെക്ടര്‍ പി ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചില ഗുളികകള്‍ ലഹരിക്കായി വിദ്യാര്‍ഥികളടക്കം ഉപയോഗിച്ചുവരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. മറ്റു ചില മെഡിക്കല്‍ ഷോപ്പുകളിലും സമാനമായ രീതിയില്‍ ലഹരി പകരുന്ന ഗുളികകള്‍ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വരും ദിനങ്ങളിലും മെഡിക്കല്‍ ഷോപ്പുകളില്‍ റെയ്ഡ് ശക്തമാക്കുമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

RELATED STORIES

Share it
Top