മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ചതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.
മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സും ആരോഗ്യവകുപ്പ് സെക്രട്ടറി കമ്മീഷന്‍ മുമ്പാകെ ഹാജരാക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു. രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചതെന്നു മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതായുള്ള മാധ്യമ റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ്  കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. മുരുകനെ മസ്തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജന്‍ ഡോ. പി കെ ബാലകൃഷ്ണനാണു ബോര്‍ഡ് മേധാവി. റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. രണ്ടാഴ്ചയ്ക്കകം കമ്മീഷന്റെ തിരുവനന്തപുരം ഓഫിസില്‍ റിപോര്‍ട്ടും മിനുട്‌സും ഹാജരാക്കണം. മുരുകന്റെ മരണത്തില്‍ കമ്മീഷന്‍ കേസെടുത്തിരുന്നു. നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

RELATED STORIES

Share it
Top