മെഡിക്കല്‍ ബിരുദധാരിക്ക് അന്താരാഷ്ട്ര അംഗീകാരംഹരിപ്പാട്: മെഡിക്കല്‍ ബിരുദധാരിക്ക് അന്താരാഷ്ട്ര അംഗീകാരം. ഹരിപ്പാട് അകം കുടി അമര്‍ ജ്യോതിയില്‍ വി വിഷ്ണുപ്രിയയ്ക്കാണ് അന്താരാഷ്ട്ര മെഡിക്കല്‍ സ്റ്റുഡന്റ് നെറ്റ് വര്‍ക്ക് ഓര്‍ഗനൈസേഷന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. കൊല്ലം ഡിഎംഒയിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജി രവീന്ദ്രന്‍ പിള്ളയുടേയും, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക ടി എന്‍ വിജയലക്ഷ്മിയുടേയും മകളാണ്. ടുണീഷ്യയില്‍ നടന്ന അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചൈനയിലെ ഷെന്‍ യാങ്ങില്‍ നടന്ന കോണ്‍ഫറന്‍സില്‍ ഇതേ സംഘടനയുടെ സൗത്ത് ഏഷ്യ പ്രതിനിധിയായി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയുള്‍പ്പെടെ 155 രാജ്യങ്ങളില്‍ നിന്നായി 450 ഓളം പ്രതിനിധികള്‍ ടുണീഷ്യന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. ഇവിടുത്തെ ഹെല്‍ത്ത് യൂനിവേഴ്‌സിറ്റിയുടെ സ്‌കോളര്‍ഷിപ്പോടെ മൂന്ന് ആഴ്ചത്തെ ഇന്റേണ്‍ഷിപ്പിനും അര്‍ഹത നേടി. ഇരു രാജ്യങ്ങള്‍ക്കും പുറമെ സ്ലോവാക്യയിലും ജോഹന്നാസ്ബര്‍ഗിലും നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അക്കാദമിക് മികവും മറ്റ് വിഷയങ്ങളിലുള്ള പ്രാവീണ്യവും കണക്കിലെടുത്ത് ആരോഗ്യ സര്‍വകലാശാല യൂനിയന്‍ നല്‍കുന്ന പ്രഥമ യൂത്ത് ഐക്കണ്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ഒന്നാം ക്ലാസോടെ വിജയിച്ച വിഷ്ണപ്രിയ ഇപ്പോള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതോടൊപ്പം അയര്‍ലണ്ടില്‍ നടക്കുന്ന അടുത്ത കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ്. എംബിബിഎസ് വിദ്യാര്‍ഥിനിയായ വി കൃഷ്ണപ്രിയയാണ് സഹോദരി.

RELATED STORIES

Share it
Top