മെഡിക്കല്‍ ബന്ദ്: ഡോക്ടര്‍മാര്‍ പണിമുടക്കി

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) ബില്ലിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ (ഐഎംഎ) രാജ്യവ്യാപകമായി നടത്തിയ മെഡിക്കല്‍ ബന്ദിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടര്‍മാര്‍ പണിമുടക്കി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മെഡിക്കല്‍ ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടതിനേത്തുടര്‍ന്ന് വൈകീട്ട് 4.30 ന് പിന്‍വലിച്ചു. കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തില്‍ അംഗങ്ങളായ 500 ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒ പി മുടക്കി പണിമുടക്കില്‍ പങ്കെടുത്തു. ഉച്ച കഴിഞ്ഞുള്ള സ്വകാര്യ പ്രാക്ടീസും നടത്തിയില്ല. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കെജിഎംഒഎയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. വി മധു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 116 സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തെന്ന് ഡോ.മധു പറഞ്ഞു. അത്യാഹിത വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്  യാതൊരു തടസ്സവും വരുത്താതെയാണ് സമരം ക്രമീകരിച്ചതെന്നും ഡോ.മധു പറഞ്ഞു. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ കൂടിയ പ്രതിഷേധ യോഗം ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഐഎംഎയുടെ കീഴിലുള്ള 2200 ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തെറ്റായ മെഡിക്കല്‍ നയം തിരുത്തുന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐഎംഎ കൊച്ചി  സെക്രട്ടറി ഡോ. മുഹമ്മദ് ഹനീഷ് പറഞ്ഞു.

RELATED STORIES

Share it
Top