മെഡിക്കല്‍ ബന്ദില്‍ സ്തംഭിച്ച് ആശുപത്രികള്‍

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത മെഡിക്കല്‍ ബന്ദില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ സ്തംഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തതോടെ ചികില്‍സ കിട്ടാതെ രോഗികള്‍ വലഞ്ഞു.
ഡോക്ടര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കൂടി സമരത്തില്‍ പങ്കെടുത്തതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി.  സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമണിക്കൂര്‍ ഒപി ബഹിഷ്‌കരണം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സമരത്തിന് ദൈര്‍ഘ്യമേറി. സ്വകാര്യ ആശുപത്രികളിലും സമാനമായ സാഹചര്യമായിരുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു പുറത്തിറക്കിയ സാഹചര്യവുമുണ്ടായി. സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുള്ള ഒരുമണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുപ്പിക്കുന്നതിനായിരുന്നു ഇത്.  രാവിലെ എട്ടുമണിക്ക് ഒപികള്‍ പ്രവര്‍ത്തിച്ചുതുടങ്ങേണ്ട സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ നീണ്ടനിരയുണ്ടായിരുന്നെങ്കിലും ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയില്ല.  പല ആശുപത്രികളും രോഗികളുടെ പ്രതിഷേധത്തിനും വേദിയായി. ഇന്നലെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഐഎംഎ മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ഐക്യദാര്‍ഢ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും ഒരുമണിക്കൂര്‍ പണിമുടക്ക് നടത്തി.
ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും രാജ്ഭവന്‍ മാര്‍ച്ചും ഇന്നലെ നടന്നു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാസായാല്‍ ആയുര്‍വേദ, ഹോമിയോ, യുനാനി തുടങ്ങിയ ഇതര ചികില്‍സാവിഭാഗങ്ങള്‍ക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപ്പതി ചികില്‍സ നടത്താന്‍ അവസരം കിട്ടും.
ഒപ്പം എംബിബിഎസ് കഴിഞ്ഞവര്‍ക്ക് പ്രാക്റ്റീസ് ചെയ്യണമെങ്കില്‍ എക്‌സിറ്റ് പരീക്ഷ കൂടി പാസാവണം. ഇതിനെതിരായാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. വ്യാജ വൈദ്യത്തിനു നിയമപരിരക്ഷ നല്‍കാനാണു ബില്ലെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം, ഇന്നലെ ലോക്‌സഭ പരിഗണിച്ച ബില്ല് പാര്‍ലമെന്ററി സമിതിക്ക് വിട്ട സാഹചര്യത്തില്‍ ഉച്ചയോടെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു.

RELATED STORIES

Share it
Top