മെഡിക്കല്‍ പിജി ഫീസ് വര്‍ധന : സഭയില്‍ ബഹളംതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പിജി ഫീസ് വര്‍ധനയെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചതോടെ സഭാ നടപടികള്‍ അരമണിക്കൂര്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് സ്പീക്കര്‍ ഭരണ-പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി നടപടികള്‍ പുനരാരംഭിച്ചെങ്കിലും ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സുപ്രിംകോടതി നിര്‍ദേശപ്രകാരം നിയമിച്ച റഗുലേറ്ററി കമ്മിറ്റിയാണ് ഫീസ് നിശ്ചയിച്ചതെന്നും സര്‍ക്കാരിന് പങ്കില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നീറ്റ് മെറിറ്റ് പ്രകാരം പ്രവേശനം നിശ്ചയിച്ചതിനാല്‍ ഏകീകൃത ഫീസും ഏര്‍പ്പെടുത്തണം. ഈ സാഹചര്യത്തിലാണ് പിജി സീറ്റുകളില്‍ 14 ലക്ഷവും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തിന് 8.5 ലക്ഷവും ഫീസ് നിശ്ചയിച്ചത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ മാത്രമാണ് ഈ നിരക്ക് അംഗീകരിച്ചത്. മറ്റു കോളജുകള്‍ 20 ലക്ഷമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചതില്‍ 50 പൈസ പോലും കൂടുതല്‍ വാങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി മറുപടി നല്‍കി. നീറ്റ് നിര്‍ബന്ധമാക്കിയതോടെ 50-50 അനുപാതം ഇത്തവണ നടപ്പാക്കാന്‍ കഴിയില്ല. സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ബാലന്‍സ് ഷീറ്റും മറ്റും പരിശോധിച്ചാണ് അതോറിറ്റി ഫീസ് നിശ്ചയിച്ചത്. വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപ്പന്റും വര്‍ധിപ്പിച്ചു. പിജി വിദ്യാര്‍ഥികള്‍ക്ക് 14 ലക്ഷം രൂപയാണ് ഫീസ് നിശ്ചയിച്ചതെങ്കിലും 5.16 ലക്ഷം സ്റ്റൈപ്പന്റായി തിരികെ ലഭിക്കും. ഇക്കൊല്ലത്തെ പ്രവേശനത്തില്‍ ഡീംഡ് യൂനിവേഴ്‌സിറ്റിയായ അമൃത മെഡിക്കല്‍ സയന്‍സിനെ കൂടി കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയക്കൊള്ളയുടെ രണ്ടാം സീസണാണ് ഇതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ വി ടി ബല്‍റാം കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top