മെഡിക്കല്‍ കൗണ്‍സിലിന് സുപ്രിംകോടതി നോട്ടീസ്‌

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ പ്രവേശനാനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് തുടര്‍പഠനം അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിനോട്(എംസിഐ) തീരുമാനമാരാഞ്ഞ് സുപ്രിംകോടതി. ഭോപാലിലെ ആര്‍കെഡിഎഫ് മെഡിക്കല്‍ കോളജിന്റെ ഹരജി പരിഗണിക്കവെയാണ് കോടതി നടപടി. 150 വിദ്യാര്‍ഥികള്‍ 2017-18 അധ്യയനവര്‍ഷത്തില്‍ ഇവിടെ പ്രവേശനം നേടിയിട്ടുണ്ട്.
പ്രശ്‌നത്തില്‍ ഉചിതമായ പ്രതിവിധി കണ്ടെത്താനും സംസ്ഥാനത്തും അയല്‍സംസ്ഥാനങ്ങളിലും ഒഴിവുള്ള മെഡിക്കല്‍ സീറ്റുകളുടെ വിശദാംശങ്ങളുടെ സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ യു യു ലളിത്, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ സീറ്റുകള്‍ ഒഴിവില്ലെന്നു സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് അര്‍ജുന്‍ ഗാര്‍ഗ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മറ്റു സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ ആരായാന്‍ കോടതി നിര്‍ദേശിച്ചത്.
2014-15 അധ്യയനവര്‍ഷത്തില്‍ ആര്‍കെഡിഎഫ് മെഡിക്കല്‍ കോളജിന് 150 സീറ്റുകളില്‍ പ്രവേശനം നടത്താന്‍ എംസിഐ അനുമതി നല്‍കിയിരുന്നു. 2015-16 അധ്യയന വര്‍ഷത്തില്‍ കോളജിന് പ്രവേശനാനുമതി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് നല്‍കി. 2017-18 കാലയളവിലെ പ്രവേശനത്തിന് എംസിഐയുടെ അനുമതിയുണ്ടായിരുന്നില്ല.
തുടര്‍ന്ന് കോടതി നടപടികളിലൂടെ ഇടക്കാല വിധി സമ്പാദിച്ച് കോളജ് 150 വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. എന്നാല്‍ എംസിഐ പ്രവേശനാനുമതി പുതുക്കാതായതോടെ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയായിരുന്നു.

RELATED STORIES

Share it
Top