മെഡിക്കല്‍ ക്യാംപ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് ആറു മാസം

വണ്ടിപ്പെരിയാര്‍: പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങളില്‍ മെഡിക്കല്‍ ക്യാംപ് നടത്തുന്ന ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് ആറ് മാസം കഴിഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് മെഡിക്കല്‍ ക്യാംപ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാന്‍ കാരണമെന്ന ആരോപണം ശക്തമാണ് തോട്ടം പ്രതിസന്ധിയെ തുടര്‍ന്ന് പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളില്‍ മെഡിക്കല്‍ ക്യാംപ് നടത്തുന്നത്. മാസത്തില്‍ 15 ദിവസം പീരുമേട് താലൂക്കിലെ ചീന്തലാര്‍, ഉപ്പുതറ, മൗണ്ട്, ശബരിമല, തങ്കമല, കോഴിക്കാനം, പുതുക്കട, കാറ്റാടിക്കവല തുടങ്ങിയ എസ്‌റ്റേറ്റുകളിലാണ് ക്യാംപ് നടത്തുന്നത്. ഒരു ഡോക്ടര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്റര്‍ എന്നിവരടങ്ങിയ സംഘം വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സുമായാണ് ക്യാംപിനെത്തുക. മെഡിക്കല്‍ ക്യാംപ് നടത്തുന്നത് തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാണ്. രോഗികള്‍ക്ക് ആശുപത്രിയെ ആശ്രയിക്കാതെ തന്നെ ചികിത്സ ലഭ്യമാവും.  ജിവനക്കാരെയെല്ലാം ദിവസവേതന അടിസ്ഥാനത്തിലാണു നിയമിച്ചിരിക്കുന്നത്. കോട്ടയം പ്ലാന്റേഷന്‍ ഓഫിസില്‍ നിന്ന് അനുവദിക്കുന്ന ഫണ്ട് ജില്ലാ മെഡിക്കല്‍ ഓഫിസ് വഴിയാണ് വിതരണം ചെയ്യുന്നത്. പ്ലാന്റേഷന്‍ ഓഫിസില്‍ നിന്ന് ഫണ്ട് അനുവദിച്ചിട്ടും ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ചെക്ക് കൈപ്പറ്റുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് ശമ്പളം കൃത്യമായി ലഭിക്കാത്തതിന് കാരണമായി പറയുന്നത്.

RELATED STORIES

Share it
Top