മെഡിക്കല്‍ കോളജ് വാര്‍ഷികാഘോഷം തകൃതി ; അടിസ്ഥാന സൗകര്യമില്ലാതെ രോഗികള്‍ വലയുന്നുകോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ 60ാം വാര്‍ഷിക ആഘോഷം ഇന്ന് എക്‌സൈസ് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം ചികില്‍സ തേടിയെത്തുന്ന രോഗികള്‍ക്ക് മതിയായ സൗകര്യങ്ങളോ സജ്ജീകരണങ്ങളോ ലഭ്യമാക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. രോഗം ബാധിച്ചും അപകടങ്ങളില്‍പെട്ടും എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. വാര്‍ഡുകളില്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ മിക്ക രോഗികളും കിടത്തി ചികില്‍സതേടുന്നത് വരാന്തയിലാണ്. പരിശോധന നടത്തുന്ന ഡോക്ടര്‍മാരുടേയും പരിചരണം നടത്തുന്ന നഴ്‌സുമാരുടേയും എണ്ണം വളരെ പരിമിതമാണ്. മറ്റു ജീവനക്കാരുടെ എണ്ണവും അകുറവാണ്. അനസ്‌തേഷ്യ വിഭാഗത്തില്‍ നാല് അസോഷ്യേറ്റഡ് പ്രഫസര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. അനസ്‌തേഷ്യ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താത്തതിനാല്‍ രോഗികള്‍ക്ക് ശസ്ത്രക്രിയ വൈകുന്നു. 1961ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണ് ഇവിടെ ഡോക്ടര്‍മാരുടെ തസ്തിക നിലവിലുള്ളത്. അതിനുശേഷം പല വിഭാഗത്തിലും ശസ്ത്രക്രിയ യൂനിറ്റുകള്‍ തുടങ്ങിയെങ്കിലും അതിന് അനുസൃതമായി അനേസ്‌തേഷ്യ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടില്ല. ചികില്‍സക്കെത്തുന്ന രോഗികള്‍ക്ക് ലാബ് ടെസ്റ്റുകള്‍ അത്യന്താപേക്ഷിതമാണ്. ആശുപത്രിയിലെ 76, 77 ലാബുകളില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. പ്രധാന ലാബ് പരിശോധനകള്‍ക്ക് രോഗികള്‍ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ചികില്‍സ തേടിയെത്തുന്ന രോഗികള്‍ക്ക് ഭൂരിപക്ഷം മരുന്നുകളും വാങ്ങുന്നതിന് പുറത്തേക്ക് ചീട്ട് നല്‍കുകയാണ് ചെയ്തുവരുന്നത്. ആശുപത്രിയിലെ സര്‍ക്കാര്‍ ഫാര്‍മസിയില്‍ ജനറിക് മരുന്നുകള്‍ ഒന്നും തന്നെ കിട്ടാനില്ല. അത്യാഹിതവിഭാഗത്തില്‍ പോലും ആവശ്യം വേണ്ട മരുന്നുകള്‍ ഇല്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതി അത്യാധുനിക സിടിസ്‌കാനായ 128 സ്ലൈസ് സിടി സ്‌കാനര്‍ വാങ്ങാന്‍ തീരുമാനമെടുത്തിട്ട് നാല് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇതുവരെ നടപടി എങ്ങുമെത്തിയില്ല. കാന്‍സര്‍ രോഗനിര്‍ണയത്തിനും ഹൃദ്രോഗ നിര്‍ണയത്തിനും അത്യാധുനിക സിടിസ്‌കാനര്‍ അത്യാവശ്യമാണ്. എന്നാല്‍, ഇപ്പോള്‍ രോഗികള്‍ രോഗനിര്‍ണയത്തിനായി സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററുകളുടെ എണ്ണം കൂട്ടണമെന്നും അടിയന്തിര സാങ്കേതിക വിദ്യകളോടുകൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങണമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. മെഡിക്കല്‍ കോളജ് മലിനജലശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വര്‍ഷമായിട്ടും പ്രവര്‍ത്തനസജ്ജമായില്ല. മലിനജലം ഇപ്പോഴും മായനാട്ടേക്ക് ഒഴുക്കിവിടുന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ അധികൃതര്‍ക്ക് സാധ്യമായിട്ടില്ല.

RELATED STORIES

Share it
Top