മെഡിക്കല്‍ കോളജ് വാര്‍ഷികം; വൃക്ഷത്തെ നട്ടുകോഴിക്കോട്: മെഡിക്കല്‍കോളജിന്റെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് 60 വൃക്ഷത്തൈകള്‍ നട്ടു. മെഡിക്കല്‍ കോളജ് കാംപസില്‍ പഴയ റസ്റ്റ് ഹൗസിന് സമീപത്താണ് തൈകള്‍ നട്ടുതുടങ്ങിയത്. വിവിധ സംഘടനകളുടെ സഹകരണത്തോടെ ഔഷധ-ഫല വൃക്ഷങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വെട്ടിനീക്കുന്ന മരങ്ങള്‍ക്ക് പകരം പത്തിരട്ടി മരങ്ങള്‍ നടണമെന്ന വനം വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആശുപത്രി അധികൃതര്‍ പദ്ധതിയുമായി മുന്നോട്ടു നീങ്ങുന്നത്. സംസ്ഥാന വനംവകുപ്പ്, ഒളവണ്ണ മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, കാളാണ്ടിത്താഴം ദര്‍ശന ഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെ നാഷണല്‍ ഗ്രീന്‍ കോര്‍ ആണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കൂവളം, ഞാവല്‍, കണിക്കൊന്ന, പൂവരശ്, കുമിഴ്, താന്നി, വേങ്ങ, അരിനെല്ലി, രശ്മിതരു, ഉറുമാമ്പഴം, പ്ലാവ്, മാവ്, ഇലഞ്ഞി, പുളി, മന്ദാരം, പേര, അശോകം, അരയാല്‍, പേരാല്‍, തുടങ്ങി 32 ഇനം ഔഷധ-ഫലവൃക്ഷതടി മരത്തൈകളാണ് മെഡിക്കല്‍ കോളജ് കാംപസില്‍ വെച്ചു പിടിപ്പിക്കുന്നത്.  60 വൃക്തികള്‍ ചേര്‍ന്ന് 60 തൈകള്‍ വെച്ചു പിടിപ്പിച്ചു. മുന്‍ മേയര്‍മാരായ സി ജെ റോബിന്‍, യു ടി രാജന്‍, സ്വാതന്ത്ര്യസമരസേനാനി പി വാസു, കമാല്‍ വരദൂര്‍, ഡോ. ആയിഷ ഹുഹരാജ്, ഡോ. ഖദീജ മുംതാസ്, കവി പി കെ ഗോപി, സിവിക് ചന്ദ്രന്‍, തായാട്ട് ബാലന്‍, തുടങ്ങിയ 60 പ്രമുഖരാണ് ഇന്നലെ വൃക്ഷത്തൈകള്‍ നടാന്‍ മെഡിക്കല്‍ കോളജ് കാംപസിലെത്തിയത്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍വരദൂര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്  നെല്ലിത്തൈ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

RELATED STORIES

Share it
Top