മെഡിക്കല്‍ കോളജ് യൂറോളജി വാര്‍ഡിലെ ഗേറ്റിന്റെ കമ്പിവീണു വീട്ടമ്മയുടെ കാലൊടിഞ്ഞു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി 22ാംവാര്‍ഡിന്റെ വരാന്തയിലെ കൊലാപ്‌സിബിള്‍ ഗേറ്റിന്റെ കനമുള്ള കാല്‍ കമ്പി വീണു വീട്ടമ്മയുടെ കാലൊടിഞ്ഞു.  മൂത്രാശയരോഗത്തിന് ചികില്‍സയ്ക്കായി തലശ്ശേരിയില്‍ നിന്ന് വന്ന സതീശന്റെ ഭാര്യ ബിന്ദുവിന്റെ കാലിന്റെ എല്ലാണ് കമ്പി വീണ് ഒടിഞ്ഞത്.
വരാന്തയിലൂടെ നടന്നുപോവുന്നതിനിടെ ഗേറ്റിന്റെ കമ്പി കാലില്‍ വീഴുകയായിരുന്നു. യൂറോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ച ഭര്‍ത്താവിന് കൂട്ടിരിക്കാന്‍ വന്നതാണ് ബിന്ദു. ചെറിയ പരിക്കേയുള്ളൂവെന്ന് കരുതി നാട്ടിലേക്ക് പോയെങ്കിലും വേദന വര്‍ധിച്ച് നടക്കാന്‍ പറ്റാതെ വന്നതിനാല്‍ എക്‌സറേ എടുത്തപ്പോഴാണ് എല്ലൊടിഞ്ഞ വിവരം അറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തി കാലിന് പഌസ്റ്റര്‍ ഇടുകയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം 22ാംവാര്‍ഡിന്റെ വരാന്തയില്‍ പ്ലാസ്റ്ററിട്ട കാലുമായി കഴിയുകയാ ണിവര്‍. ഭര്‍ത്താവിനെ വാര്‍ഡില്‍ പ്രവേശിപ്പിച്ചതാണെങ്കിലും വരാന്തയിലാണ് കിടക്കാന്‍ ഇടം കിട്ടിയത്.
മൂത്രാശയരോഗവുമായി ഇരുപതോളം പേര്‍ യൂറോളജി വാര്‍ഡിന്റെ വരാന്തയില്‍ കിടക്കുന്നുണ്ട്.  രണ്ടുവര്‍ഷം മുമ്പാണ് പുരുഷന്‍മാരുടെയും സ്ത്രീകളുടെയും യൂറോളജി വാര്‍ഡില്‍ ടൈല്‍സ് പുതുക്കി ഇട്ടത്. എന്നാല്‍  കൊലാപ്‌സിബിള്‍ ഗേറ്റിന്റെ  ഭാഗം നിലം ശരിയാക്കിയെങ്കിലും പഴയ കൊലാപ്‌സിബിള്‍ ഗേറ്റിന്റെ  അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നില്ല. കൊലാപ്‌സിബിള്‍ ഗേറ്റിന്റെ ഒരാവശ്യവും ഇവിടെയില്ലെന്നും ഇനിയും അപകടങ്ങള്‍ സംഭവിക്കാനിടയുണ്ടെന്നും വരാന്തയില്‍ കിടക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
നല്ല കനമുള്ള കാല്‍ കമ്പി (ഇരുമ്പ്പട്ട) വെറുതെ ഗ്രില്ലിനോട് ചേര്‍ന്ന്‌വച്ചിരിക്കുകയാണ്. ഇതിന് കൊളുത്തില്ല. അറിയാതെ തട്ടിപ്പോയാല്‍ കമ്പി കാലിലേക്ക് വീഴും. മുമ്പും ഇതുപോലെ പലര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top