മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് പ്രഖ്യാപനത്തിലൊതുങ്ങി

ഇ രാജന്‍-

കോഴിക്കോട്: ഒമ്പതു വര്‍ഷം മുമ്പ് ശിലാസ്ഥാപനം കഴിഞ്ഞ മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. സ്വകാര്യ വ്യക്തികളുടെ മുതല്‍ മുടക്കിലാണ് ബസ് സ്റ്റാന്റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. 50 കോടി മുതല്‍ മുടക്കില്‍ ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്റ് 2010 ല്‍ തുറന്നുനല്‍കാമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം. എന്നാല്‍ ഒമ്പതു വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ നിര്‍മാണപ്രവൃത്തി തുടങ്ങുവാന്‍ പോലും കഴിഞ്ഞിട്ടില്ല. 2009 ഒക്ടോബര്‍ പത്തിന് അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് ശിലാസ്ഥാപനകര്‍മ്മം നടത്തിയത്. കിന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് അമ്പതുകോടി രൂപ ചെലവില്‍ നിര്‍മാണക്കരാര്‍ ഏറ്റെടുത്തത്. 12 ഓളം ഗള്‍ഫ് മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനി ബിഒടിക്കു പകരം പൂര്‍ണമായും സ്വകാര്യ മേഖലയില്‍ നിര്‍മിക്കാനായിരുന്നു പദ്ധതിയിട്ടത്.
20 ബസ്സുകള്‍, 224 കാറുകള്‍, 250 ബൈക്കുകള്‍ എന്നിവ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന 2.5 ഏക്കര്‍ സ്ഥലത്താണ് നിര്‍മിക്കുവാന്‍ പദ്ധതിയിട്ടിരുന്നത്. മൂന്നുഘട്ടങ്ങളിലായി പ്രവൃത്തിരൂപകല്‍പന ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ ബസ്സ്റ്റാന്റ് നിര്‍മാണവും രണ്ടാംഘട്ടത്തില്‍ നാലു ലക്ഷം ചതുരശ്ര അടിയില്‍ ബഹുനിലകെട്ടിടവും, മൂന്നാംഘട്ടത്തില്‍ പ്രകൃതി അലങ്കാരവുമായിരുന്നു നിര്‍മാണ രീതി.
സ്റ്റാന്റില്‍ പാര്‍ക്കിങ് ഫീസ് കോര്‍പറേഷന്‍ പിരിച്ചെടുക്കുമ്പോള്‍ 25 ശതമാനവും ഉടമകള്‍ക്ക് നല്‍കുവാനും ധാരണയായിരുന്നു. ഒന്നാം നിലയില്‍ 600 ചതുരശ്ര അടിയിലുള്ള ഭാഗം കോര്‍പറേഷന്‍ ഓഫിസ് നിര്‍മിക്കാന്‍ നല്‍കും. ഗള്‍ഫ് മലയാളികള്‍ 12 പേരും സ്റ്റാന്റിന്റെ ഉടമകളാവും തുടക്കം മുതല്‍ തന്നെ ബസ്റ്റാന്റ് നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലായിരുന്നു. കോര്‍പറേഷന്റെ ഒത്താശയോടെയാണ് ബസ്റ്റാന്റിനു സ്ഥലം വാങ്ങുകയാണെന്ന വ്യാജേന സമീപത്തുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലം ചുരുങ്ങിയ വിലയില്‍ വാങ്ങി ബിനാമിക്കു കൈമാറാനാണ് ഗള്‍ഫ് മലയാളി ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. ചുരുങ്ങിയ വിലയ്ക്ക് സ്ഥലം നല്‍കിയ യഥാര്‍ത്ഥ ഉടമകള്‍ ഇതുമൂലം വഞ്ചിക്കപ്പെട്ടിരിക്കയാണ്. നാമമാത്രമായ വിലയാണ് ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിച്ചത്. എന്നാല്‍ ബസ്സ്റ്റാന്റ് നിര്‍മിക്കുവാനുള്ള പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതായി കോര്‍പറേഷന്‍ ആരോപണമുയര്‍ന്നു.
അന്നത്തെ യുഡിഎഫ് ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടിയും കണ്‍വീനര്‍ പി കെ കെ ബാവയും വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് വിജിലന്‍സിനെകൊണ്ട് കോര്‍പ്പറേഷന്‍ കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്യിച്ചു. എന്നാല്‍ ഈ നടപടി പിന്നീട് ഹൈക്കോടതി സ്‌റ്റേ ചെയ്തുവെന്ന കോര്‍പ്പറേഷന്‍ പറയുന്നു. ദിവസേന സമീപത്തെ രണ്ടു ജില്ലകളില്‍ നിന്നായി മെഡിക്കല്‍കോളജിലേക്കും അനുബന്ധസ്ഥാപനങ്ങളിലേക്കും എത്തുന്ന ആയിരക്കണക്കിനു ജനങ്ങളും വാഹനങ്ങളെയും കൊണ്ട് വീര്‍പ്പുമുട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
മാവൂര്‍, മുക്കം, അരീക്കോട്, തിരുവമ്പാടി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആയിരത്തിലേറെ ബസ്സുകള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതോടൊപ്പം നിലവിലുള്ള അശാസ്ത്രീയമായ ബസ് പാര്‍ക്കിങ്ങുകൂടിയാകുമ്പോള്‍ പലപ്പോഴും വലിയ ഗതാഗതക്കുരുക്കു തന്നെ രൂപപ്പെടും. രോഗികളെയും കൊണ്ടു അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന ആംബുലന്‍സുകള്‍ ഈ കുരുക്കില്‍പെടുന്നത് നിത്യകാഴ്ചയാണ്. ബസ് ടെര്‍മിനല്‍ നിര്‍മാണം ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമായിരുന്നു.

RELATED STORIES

Share it
Top