മെഡിക്കല്‍ കോളജ് പരിസരത്ത് മലിനജലം പരന്നൊഴുകുന്നു; സമീപവാസികള്‍ ദുരിതത്തില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിനു സമീപത്തെ പരിസരപ്രദേശങ്ങളിലേക്ക് മെഡിക്കല്‍ കോളജിലെ മലിനജലം പരന്നൊഴുകുന്നു. മെഡിക്കല്‍ കോളജില്‍ നിന്നുള്ള മലിനജലം കടന്നുവരുന്ന പൈപ്പിന്റെ മാന്‍ഹോള്‍ തടസ്സപ്പെട്ടതാണ് മലിനജലം പരന്നൊഴുകാന്‍ കാരണം. മലിനജലം മൂന്നു ടാങ്കുകളിലൂടെ കടന്നുപോയി ചെറിയൊരു ഇടവഴിയിലൂടെ കടന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ പരന്നൊഴുകുകയാണ്.
ഒരു മാസത്തില്‍ പത്തുതവണ വരെ ഇങ്ങനെ മലിനജലം പരന്നൊഴുകുന്നത് പതിവാണ്. ഭക്ഷണപാത്രങ്ങള്‍ മുതല്‍ കരിക്കിന്‍തൊണ്ടുവരെ എന്തും മാന്‍ഹോളില്‍ കുടുങ്ങും. പിന്നെ മാലിന്യപ്രളയത്തില്‍ വീടും വഴികളും ചുറ്റപ്പെട്ട് നിസ്സഹായരായ വീട്ടുകാര്‍ അധികൃതരുടെ മുമ്പിലെത്തും. റിപ്പയറിങ് നടന്നാലും പഴകിയ പൈപ്പിന് താങ്ങാനാവാതെ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ വീണ്ടും പൊട്ടിയൊഴുകും. ഓരോ ദിവസവും എഴുപത് ലക്ഷത്തോളം ലിറ്റര്‍ മലിനജലം സൃഷ്ടിക്കുന്ന മെഡിക്കല്‍ കോളജ് ഇതിന്റെ തൊണ്ണൂറു ശതമാനവും ഒഴുകിയെത്തുന്നത് മായനാട്ടെ മൂന്നു തുറന്ന കുഴികളിലേക്കാണ്.
1975 ല്‍ ഇട്ട പൈപ്പുകളിലൂടെയാണ് മലിനജലം ഇവിടെയെത്തുന്നത്. സമീപത്തെ വീട്ടുകാര്‍ക്ക് വഴി നടക്കുവാന്‍ പോലും മലിനജലം ചവിട്ടിവേണം. മലിനജല ദുര്‍ഗന്ധം കാരണം വീട്ടുകാര്‍ക്ക് ഭക്ഷണം പോലും കഴിക്കുവാന്‍ പറ്റുന്നില്ല. മാലിന്യക്കൈകള്‍ നീട്ടി ചില ജീവിതങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന വിചിത്രമായ കാഴ്ച ഇവിടെ കാണാം.
പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇവിടുത്തെ മാലിന്യപ്രശ്‌നത്തിന്. കാര്യമായ സംസ്‌കരണമൊന്നുമില്ലാതെ പരിസരപ്രദേശങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങളായി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് മായനാട്ടുകാര്‍. 2007 ല്‍ മെഡിക്കല്‍ കോളജില്‍ മലിനജലം ശുദ്ധീകരിക്കാനുള്ള സീവേജ് ടീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചുവെങ്കിലും ഇതുവരെ പ്രവര്‍ത്തിപ്പിക്കാനായില്ല. ഏഴുകോടി രൂപക്കാണ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് തുരുമ്പെടുത്തു നശിച്ചു കഴിഞ്ഞിരിക്കുന്നു.
ഏഴു കോടിയും പാഴായി. 2017 മെയ് മാസത്തില്‍ മെഡിക്കല്‍ കോളജില്‍ മലിനജലശേഖരണകിണര്‍ നിര്‍മിക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ 18 മാസം പിന്നിട്ടിട്ടും മലിനജലകിണര്‍ നിര്‍മിക്കാനുള്ള യാതൊരു നടപടിയും മെഡിക്കല്‍ കോളജ് അധികൃതര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.പുതിയ മലിനജല ശേഖരണകിണര്‍ ഐഎംസിഎച്ചിനു സമീപത്തായി എന്‍ഐടിയിലെ സാങ്കേതിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
സ്ഥലത്ത് നിര്‍മിക്കാനാണ് തീരുമാനിച്ചിരുന്നത്. ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് മലിനജലശേഖരണ കിണര്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ടുമാര്‍, വിവിധ വകുപ്പുഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. മെഡിക്കല്‍ കോളജിലെ മലിനജലം അലക്ഷ്യമായി ഒഴുക്കിവിടുന്നതില്‍ സമീപപ്രദേശങ്ങളിലെ നാടുകള്‍ പ്രതിഷേധത്തിലാണ്.

RELATED STORIES

Share it
Top