മെഡിക്കല്‍ കോളജ് കാംപസില്‍ തീപ്പിടിത്തം; വന്‍ ദുരന്തം ഒഴിവായി

കോഴിക്കോട്: മെഡിക്കല്‍ കോളജ് കാംപസിലെ ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിന് സമീപം വന്‍ തീപിടിത്തം. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ജീവനക്കാര്‍ക്ക് വേണ്ടി പണിയുന്ന ഫഌറ്റ് നിര്‍മിക്കുന്നതിന്ന് മുറിച്ചിട്ട ഉണങ്ങിയ മരങ്ങള്‍ കത്തിനശിച്ചു. പരിസരത്ത് തണലേകിയ പല മരങ്ങളും മറ്റും കത്തിച്ചാമ്പലായി.
വെള്ളിമാട്കുന്ന് ഫയര്‍‌സ്റ്റേ ഷനില്‍ നിന്ന് മൂന്ന് യൂനിറ്റും ബീച്ചില്‍ നിന്ന് രണ്ട് യൂനിറ്റും ചേര്‍ന്ന് 20ടാങ്ക് വെള്ളം ഉപയോഗിച്ച് നാലു മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തന ഫലമായാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. ഫയര്‍ ഓഫിസര്‍മാരായ കെ പി ബാബുരാജ്, എസ് വരുണ്‍, അസിസ്റ്റന്റ് ഫയര്‍ ഓഫിസറായ സുനില്‍ കുമാര്‍, ലീഡിങ് ഫയര്‍മാന്‍മാരായ സുജിത്ത് കുമാര്‍, കൃഷ്ണന്‍, ഷുക്കൂര്‍, അജയന്‍ എന്നിവരടങ്ങിയ സംഘമാണ് തീ അണയ്ക്കാന്‍ നേതൃത്വം നല്‍കി.
ഒരേക്കര്‍ സ്ഥലത്ത് തീ ആളിപടര്‍ന്നിരുന്നു. തൊട്ടടുത്താണ് ആശുപത്രി ജീവനക്കാര്‍ക്കുള്ള ഡി ടൈപ്പ് ക്വാര്‍ട്ടേഴ്‌സുകള്‍, ദുരദര്‍ശന്‍ റിലേ കേന്ദ്രം എന്നിവ. ഒഴിവ് ദിനമായതിനാല്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരും പരിഭ്രാന്തരായി. വിവരമറിഞ്ഞ് ആശുപത്രി സൂപ്രണ്ട് ഡോ. കെ ജി സജിത്ത് കുമാര്‍, മെഡിക്കല്‍ കോളജ് പോലിസ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. കൂട്ടിയിട്ട മരങ്ങള്‍ക്ക് ആരോ തീവെച്ചതാണെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെട്ടത്.
കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വ്യാപനം നടത്തുന്ന ലോബികള്‍ കാംപസില്‍ സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ജീവനക്കാര്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ ഗ്രൗണ്ടിന് സമീപം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നും സുരക്ഷ ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top