മെഡിക്കല്‍ കോളജ്: എംഎല്‍എ തെറ്റിദ്ധരിപ്പിക്കുന്നു- മുസ്‌ലിം ലീഗ്

മെഡിക്കല്‍ കോളജ്: എംഎല്‍എ തെറ്റിദ്ധരിപ്പിക്കുന്നു- മുസ്‌ലിം ലീഗ്കല്‍പ്പറ്റ: സംസ്ഥാന ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജിന് 100 കോടി അനുവദിച്ചെന്ന അവകാശവാദമുന്നയിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ സി കെ ശശീന്ദ്രന്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. മെഡിക്കല്‍ കോളജിനെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും 100 കോടി വകയിരുത്തിയിട്ടുണ്ടെന്നുമുള്ള കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്റെ വാദം തെറ്റാണ്. ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളുടെ ലിസ്റ്റ് കാട്ടിയാണ് എംഎല്‍എ നൂറുകോടി അനുവദിച്ചെന്ന വാദമുന്നയിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി എംഎല്‍എമാര്‍ തങ്ങളുടെ മണ്ഡലത്തിലെയും പൊതുവായ കാര്യങ്ങളിലും ധനവകുപ്പിന് വിവിധ പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാറുണ്ട്. 10 ലക്ഷം രൂപയ്ക്കു തീരുന്ന ഒരു പദ്ധതിയാണെങ്കില്‍ പോലും മിനിമം 50 ലക്ഷം രൂപയെങ്കിലും ഇത്തരം പ്രപോസലുകളില്‍ വയ്ക്കുന്നത് സാധാരണമാണ്. ധനമന്ത്രി നിയമസഭയില്‍ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ മെഡിക്കല്‍ കോളജിന് തുക വകയിരുത്തിയ കാര്യം പരാമര്‍ശിച്ചിട്ടില്ല. എംഎല്‍എ നല്‍കിയ പ്രപോസലിലെ 100 കോടി ഒരിക്കലും ലഭിക്കാന്‍ സാധ്യതയില്ല. വസ്തുതകള്‍ ഇതായിരിക്കെ, മെഡിക്കല്‍ കോളജിന് 100 കോടി രൂപ അനുവദിച്ചുവെന്ന തരത്തില്‍ എംഎല്‍എ നടത്തുന്ന പ്രചാരണം സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനാണെന്നു യോഗം വിലയിരുത്തി. കര്‍ഷകര്‍, തോട്ടംതൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കൊന്നും ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളില്ലാത്തതാണ് പതിവുപോലെ ഇത്തവണത്തെയും എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റ്. ജില്ലയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിപ്പിക്കാന്‍ കഴിയാത്തത് ഭരണകക്ഷി എംഎല്‍എമാരുടെ കഴിവുകേടാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് പി പി എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, പി കെ അബൂബക്കര്‍, എന്‍ കെ റഷീദ്, ടി മുഹമ്മദ്, പി ഇബ്രാഹീം മാസ്റ്റര്‍, സി മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍, എം മുഹമ്മദ് ബഷീര്‍, കെ നൂറുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top