മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇസിജി എടുക്കാന്‍ നീണ്ട കാത്തിരിപ്പ്‌

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇസിജി എടുക്കാന്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്. ടെക്‌നീഷ്യന്മാരുടെ കുറവും ജോലി സമയത്തിന്റെ ക്രമീകരണരീതിയുമാണ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതുകാരണം രാത്രികാലങ്ങളിലാണ് രോഗികള്‍ ഏറെ പ്രായസപ്പെടുന്നത്.
നിലവില്‍ എട്ടു സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 14 പേരാണ് ഇസിജി ടെക്‌നീഷ്യന്മാരായി പ്രവര്‍ത്തിക്കുന്നത്. ആറുപേരുടെ ഒഴിവുണ്ടിവിടെ. മൂന്നു ഷിഫ്റ്റുകളിലായാണ് ഇവര്‍ ജോലി ചെയ്യുന്നത്. പ്രതിദിനം 400 ഓളം ഇസിജി എടുക്കേണ്ടിവരാറുണ്ട്. ജീവനക്കാര്‍ക്ക് ക്യാഷ്വാലിറ്റിക്കു പുറമെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി, കിടപ്പ് രോഗികള്‍, മറ്റു വാര്‍ഡുകളിലുള്ളവര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഇസിഡി എടുക്കാനുമുണ്ടാകും. പകല്‍ സമയങ്ങളില്‍ പത്ത് ടെക്‌നീഷ്യന്മാര്‍ ഉണ്ടാകാറുണ്ട്.
എന്നാല്‍ രാത്രിയില്‍ രണ്ടു പേരാണ് ഉണ്ടാവുക. ക്യാഷ്വാലിറ്റിയിലാണ് ടെക്‌നീഷ്യന്മാര്‍ ഉണ്ടാവുക. അതേസമയം, നെഫ്രോളജി വാര്‍ഡിലോ മറ്റോ ഉള്ള രോഗികള്‍ക്ക് ഇസിജി എടുക്കണമെങ്കില്‍ കൂട്ടിരിപ്പുകാര്‍ രാത്രി അര കിലോമീറ്ററോളം നടന്ന് ക്യാഷ്വാലിറ്റി ഇസിജിയില്‍ എത്തേണ്ട സ്ഥിതിയാണ്. ഇതുതന്നെയാണ് മറ്റു വാര്‍ഡുകളിലുള്ളവരുടെയും സ്ഥിതി.
രണ്ടോ മൂന്നോ മിനിറ്റുകള്‍ക്കുള്ളില്‍ ഇസിജി എടുക്കാനാവും. എന്നാല്‍ രോഗിയുടെ ശാരീകിക അവസ്ഥയ്ക്കനുസരിച്ച് ഇത് മാറും. പലപ്പോഴും രോഗികളുടെ മരണം ഉറപ്പാക്കാനായി ഇസിജി എടുക്കേണ്ടതും ഉണ്ടാവും. ഇത്തരത്തില്‍ വരുമ്പോള്‍ ഇസിജിക്കായി കാത്തിരിക്കേണ്ട അവസ്ഥയാണെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആക്ഷേപം.

RELATED STORIES

Share it
Top