മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന നടത്തി

ആര്‍പ്പുക്കര: റെയില്‍വേ അതികൃതരുടെ അനാസ്ഥമൂലം അജ്ഞാതനായി ആശുപത്രിയില്‍ വച്ച് മരിച്ചയാളുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി കൈമാറിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം മനുഷ്യാവകശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. ആശുപത്രി സൂപ്രണ്ട്  ഓഫിസിലായിരുന്നു സിറ്റിങ്. ആശുപത്രി ആര്‍എംഒ, ഫോറന്‍സിക്, അനാട്ടമി വിഭാഗം മേധാവികള്‍, മെഡിസിന്‍ യൂനിറ്റ് മേധാവി, രണ്ട് ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ 2017 ഏപ്രില്‍ ഒമ്പതിനു മരണപ്പെട്ട പന്തളം പറന്തല്‍ സുശാന്ത് ഭവനില്‍ ഭാസ്‌കര(65)ന്റെ മൃദദേഹമാണ് അജ്ഞാതരുടെ പട്ടികയില്‍പ്പെടുത്തി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനായി അനാട്ടമി വിഭാഗത്തിന് കൈമാറിയത്.ഇതിനെതിരേ ഭാസ്‌കരന്റെ മക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയത്. 2017 ഏപ്രില്‍ ആറിന് വിശാഖപട്ടണം കൊല്ലം എക്‌സ്പ്രസില്‍ വിശാഖപട്ടണത്തു നിന്ന് ചെങ്ങന്നൂരിലേക്കു യാത്ര ചെയ്ത ഭാസ്‌കരന്‍ ആലുവ റെയില്‍വേ സ്റ്റേഷനു സമീപം എത്തിയപ്പോള്‍ ട്രയിനില്‍ കുഴഞ്ഞു വിഴുകയായിരുന്നു.തുടര്‍ന്ന് റെയില്‍വേ പോലിസ് ഇയാളെ ആലുവ ജനറല്‍ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികില്‍സയ്ക്കായി ഭാസ്‌കരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളുമായി യാത്ര ചെയ്ത ഭാസ്‌കരനെ റെയില്‍വേ അതികൃതരുടെ അനാസ്ഥ മൂലം അനാഥരോഗികളുടെ പട്ടികയില്‍പ്പെടുത്തി ചികില്‍സ നല്‍കിയത്. ആശുപത്രി രേഖകളില്‍ അജ്ഞാതനായ ഭാസ്‌കരന്‍ ഏപ്രില്‍ ഒമ്പതിനു മരിച്ചു. മോര്‍ച്ചറിയിലേക്കു മാറ്റി സൂക്ഷിച്ച മൃതദേഹം നിശ്ചിത ദിവസത്തിനു ശേഷവും ബന്ധുക്കള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അനാട്ടമി വിഭാഗത്തിന് കൈമാറുകയുമായിരുന്നു. വിശാഖപട്ടണത്തു നിന്നു യാത്ര പുറപ്പെട്ട ഭാസ്‌കരന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അടൂരിലുള്ള വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വക്ഷണത്തിനൊടുവിലാണ് അനാട്ടമി വിഭാഗം ലാബില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടെത്തിയത്.

RELATED STORIES

Share it
Top