മെഡിക്കല്‍ കോളജ്‌: വൃക്കരോഗികള്‍ക്ക് ഡയാലിസിസ് സൗകര്യമില്ല

ഇ രാജന്‍

കോഴിക്കോട്: ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന വൃക്കരോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജാശുപത്രിയില്‍ ഡയാലിസിസ് സൗകര്യമില്ല. ഡയാലിസിസിന് നിരവധി പേര്‍ ക്യൂവിലുള്ള മെഡിക്കല്‍കോളജില്‍ ഇത്തരം രോഗികള്‍ക്ക് മാത്രമായി ഡയാലിസിസ് ഉപകരണമില്ലാത്തതാണ് ചികില്‍സ നിഷേധിക്കപ്പെടാന്‍ കാരണം. ഡയാലിസിസിന് കാത്തിരിക്കുന്നവരുടെ നീണ്ടപട്ടികയാണ് മെഡിക്കല്‍ കോളജിലേത്.
ഇതില്‍ നിന്ന് ഊഴമെത്തുമ്പോഴാണ് തങ്ങള്‍ക്ക് ഉള്ള ഡയാലിസിസ് സൗകര്യം ഇവിടെ ലഭ്യമല്ലെന്ന് രോഗി അറിയുന്നത്. അതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ രോഗി നിര്‍ബന്ധിതനാവുന്നത്. മെഡിക്കല്‍കോളജില്‍ 400 രൂപ ചെലവഴിക്കേണ്ടിടത്ത് സ്വകാര്യ മേഖലയില്‍ 1000 മുതല്‍ 2000 രൂപ വരെയാണ് ഒരു തവണത്തേക്ക് ഡയാലിസിസിന് ചെലവ്. ജീവിതകാലം മുഴുവന്‍ ഡയാലിസിസ് ആവശ്യമുള്ളവരാണ് വൃക്കരോഗികളില്‍ മിക്കവര്‍ക്കും ഈ ചെലവ് താങ്ങാനാവില്ല. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ഇത്തരം രോഗികളെ പരിഗണിക്കാന്‍ വേണ്ടത്ര ഉപകരണങ്ങളില്ല.
വൃക്കരോഗം മൂര്‍ച്ഛിച്ച് രക്തശുദ്ധീകരണം നിര്‍ബന്ധമായും ആവശ്യമുള്ളവരാണ് ഡയാലിസിസിന് എത്തുന്നത്. നാലുമുതല്‍ ആറു മണിക്കൂര്‍ വരെയാണ് ഡയാലിസിസിന് വേണ്ട സമയം. മിക്കരോഗികള്‍ക്കും ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഡയാലിസിസ് വേണം. ഡയാലിസിസ് ചെയ്ത് രോഗി ഏറെക്കുറെ സാധാരണ അവസ്ഥയില്‍ എത്തിയാല്‍ തുടര്‍ന്നുള്ള ഡയാലിസിസുകള്‍പ്പോലും മെഡിക്കല്‍കോളജില്‍ നിന്ന് ചെയ്തു കൊടുക്കാനാവില്ല. കാരണം അത്യാവശ്യക്കാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള ഉപകരണങ്ങളെ ഇവിടെയുള്ളൂ. ഡയാലിസിസിന് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് അടുത്ത ദിവസങ്ങളിലെ കണക്ക് രേഖപ്പെടുത്തുന്നത്. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഡയാലിസിസ് ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജാശുപത്രിയിലില്ല. ജീവനക്കാരില്ലാത്തതും ഡയാലിസിസിന് തടസ്സമാവുന്നു. മെഡിക്കല്‍ കോളജില്‍ ഇപ്പോഴുള്ളതിന്റെ പത്തിരട്ടി ഉപകരണങ്ങളുണ്ടെങ്കില്‍ പോലും കാത്തിരിപ്പില്ലാതെ ഡയാലിസിസ് ലഭ്യമാവില്ല.
20 വര്‍ഷം മുമ്പുള്ള രോഗികളുടെ എണ്ണമനുസരിച്ചുള്ള ഡയാലിസിസ് ഉപകരണങ്ങള്‍ മാത്രമാണിവിടെയുള്ളത്. 2018 ലെ കണക്കനുസരിച്ച് ആഴ്ചയില്‍ 2000ത്തിലധികം വൃക്കരോഗികള്‍ മെഡിക്കല്‍ കോളജ് ഒപിയില്‍ എത്തുന്നുണ്ട്. വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് അടുത്തകാലത്തെ കണക്ക് സൂചിപ്പിക്കുന്നത്. ആഴ്ചയില്‍ അഞ്ചു ദിവസവും വൃക്കമാറ്റിയെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടും ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വൃക്കമാറ്റിവെയ്ക്കാനാവാത്തതിനാല്‍ നിരവധി രോഗികള്‍ ഓരോ വര്‍ഷവും മരണത്തിനു കീഴടങ്ങുന്നു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് വൃക്കരോഗ വിഭാഗം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കേരളത്തിലാദ്യമായി വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് കോഴിക്കോട് മെഡിക്കല്‍കോളജിലാണ്. അത്യപൂര്‍വ്വമായ കഡാവര്‍ ശസ്ത്രക്രിയയും ഇവിടെ നടന്നു. പരിമിതമായ സൗകര്യങ്ങളില്‍പോലും വൃക്കരോഗ വിഭാഗം ഡോക്ടര്‍മാര്‍ മികച്ച സേവനമാണ് ഇവിടെ നടത്തുന്നത്. സ്ഥലസൗകര്യവും ഡയാലിസിസ് ഉപകരണങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചാല്‍ മാത്രമേ മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട വൃക്കരോഗികള്‍ക്ക് രക്ഷയുള്ളൂ.

RELATED STORIES

Share it
Top