മെഡിക്കല്‍ കോളജ്മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരു മാസത്തിനകം പ്രവര്‍ത്തനക്ഷമമാക്കും

തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം ഒരു മാസത്തിനകം ആരംഭിക്കാനാവുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവും ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മ്മദും അറിയിച്ചു. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് രണ്ടു വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിരുന്നതാണ്.
എന്നാല്‍ കെട്ടിടം പ്രവര്‍ത്തിക്കാന്‍ ഫയര്‍, മലിനീരകണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവരുടെ അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞ മുഴുവന്‍ മാറ്റങ്ങളും വരുത്തി ഐസിയുവിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി അവിടത്തേക്ക് ആവശ്യമായ സ്റ്റാഫിന്റെ ആവശ്യകത പരിഹരിക്കുന്നതിനായുള്ള ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ കെട്ടിടത്തിന് നമ്പര്‍ ലഭിക്കും.
നമ്പര്‍ ലഭിച്ചാല്‍ ഉടന്‍ വൈദ്യുതി, വെള്ളം കണക്ഷനുകള്‍ എടുത്ത് ട്രയല്‍ റണ്‍ നടത്തിയാല്‍ ഒരു മാസത്തിനകം ഇവിടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും. ഉപരകണങ്ങള്‍ ഫിറ്റ് ചെയ്ത് ടെസ്റ്റ് ചെയ്തു സജീകരണങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. മറ്റ് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐസിയുകളെ വിപുലീകരിച്ചാണ് കെട്ടിടത്തിലേക്ക് മാറ്റുന്നത്. നിലവിലുള്ള സ്റ്റാഫുകളെ ഉപയോഗിച്ച് തന്നെ വളരെ സുഗമമായി ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും സൂപ്രണ്ട് അറിയിച്ചു.
കൂടാതെ അധികം വേണ്ടി വരുന്ന ജീവനക്കാരുടെ വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫ്, സപോര്‍ട്ടിങ് സ്റ്റാഫ്, ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, തുടങ്ങി 183 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ഭരണാനുമതി ലഭ്യമായിട്ടുണ്ട്. കെട്ടിടം പ്രവര്‍ത്തന ക്ഷമമായ ശേഷം അധികം ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ അവരുടെ തസ്തിക അനുസരിച്ച് ജീവനക്കാരെ ലഭ്യമാക്കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
കെട്ടിടം തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയതായും ഒരു മാസനത്തിനകം തന്നെ ഇവിടത്തെ പ്രവര്‍ത്തനം സജ്ജമാക്കുമെന്നും കോളജ് പ്രിന്‍സിപ്പാലും ആശുപത്രി സൂപ്രണ്ടും അറിയിച്ചു.

RELATED STORIES

Share it
Top