മെഡിക്കല്‍ കോളജില്‍ രോഗികള്‍ കുറയുന്നു

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്നുള്ള ആശങ്കയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു. എംസിഎച്ചില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപിയില്‍ സാധാരണയായി 2500 ഓളം രോഗികളെങ്കിലും എത്താറുണ്ട്.
എന്നാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇത് ഏകദേശം 1050 ആയി കുറഞ്ഞിട്ടുണ്ടെന്ന് എംസിഎച്ച് ഒപിയിലെ നഴ്സ്സിങ് സൂപ്രണ്ട് അറിയിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് കാര്‍ഡിയാക്, ന്യൂറോളജി, നെഫ്രൊളജി തുടങ്ങി പ്രധാനപ്പെട്ട എല്ലാ  ഒപികളും പ്രവര്‍ത്തിക്കുന്നത്. ഈ ദിവസങ്ങളില്‍ സാധാരണയായി 1200 ഓളം രോഗികള്‍ ചികിത്സക്കായി ഇവിടെയെത്താറുണ്ട്.
എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ഇത് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. ഏകദേശം 450 ഓളം പേരാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആശുപത്രിയില്‍ രോഗശാന്തി തേടിയെത്തിയത്.
ചെസ്റ്റ് ആശുപത്രിയില്‍ 118 പേര്‍ മാത്രമാണ് ബുധനാഴ്ച ചികിത്സ തേടിയെത്തിയത്. ഇവിടെ നിപ വൈറസ് പേടിക്ക് മുമ്പ് 250 ഓളം പേരെങ്കിലും ചികില്‍സക്കെത്താറുണ്ടെന്ന് നഴ്‌സിങ് സൂപ്രണ്ട് പറഞ്ഞു. ഐഎംസിഎച്ചില്‍സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും തിരക്ക് നന്നേ കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രസവത്തിനും മറ്റുമായി എത്തിയിരുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ 300 നും 400 നും ഇടയില്‍ രോഗികള്‍ എത്താറുള്ള ഐഎംസിഎച്ചില്‍ കഴിഞ്ഞ രണ്ടുദിവസമായി ഏകദേശം 150 ഓളം പേരാണ് ചികില്‍സക്കെത്തിയത്. പനി ബാധിച്ച് നാല് കുട്ടികള്‍ ഇവിടെ ഐസോലേഷന്‍ വാര്‍ഡില്‍ കിടക്കുന്നുണ്ട്.
ഇതുവരെ എന്തുതരം പനിയാണെന്ന് സ്ഥിരീകരണം വന്നിട്ടിണ്ടെന്നും ഐഎംസിഎച്ചിലെ നഴ്‌സിംഗ് സൂപ്രണ്ട് അറിയിച്ചു.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡുകളില്‍ ജീവനക്കാര്‍ക്ക് മാസ്‌കുകള്‍ മാത്രം ധരിച്ചാണ് ജോലി ചെയ്യുന്നത്.
എന്നാല്‍ രോഗികളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് കൈയുറകള്‍ നല്‍കുന്നുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒപിയിലും വാര്‍ഡുകളിലും രോഗികള്‍ കുറവാണെങ്കിലും ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുറവൊന്നും രേഖപ്പെടുത്തിട്ടില്ല.

RELATED STORIES

Share it
Top