മെഡിക്കല്‍ കോളജില്‍ രോഗികളെ പരിശോധിച്ചത് ഒപിക്ക് പുറത്ത്‌

മഞ്ചേരി: അസഹ്യമായ വേനല്‍ചൂടില്‍ ഡോക്ടര്‍മാരുടേയും രോഗികളുടേയും പ്രതിഷേധം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒപി പ്രവര്‍ത്തനം താളം തെറ്റിച്ചു. ഒപിക്കു പുറത്ത് രോഗികള്‍ക്ക് വിശ്രമിക്കാനൊരുക്കുന്ന കെട്ടിടത്തില്‍ താല്‍ക്കാലിക സംവിധാനമൊരുക്കിയാണ് ഡോക്ടര്‍മാര്‍ ഇന്നലെ രോഗികളെ പരിശോധിച്ചത്. വായു സഞ്ചാരമില്ലാത്ത കെട്ടിടത്തിലാണ് ഒപി മുറികള്‍ സജീകരിച്ചിട്ടുള്ളത്.
ശീതീകരിക്കാത്ത പരിശോധനാമുറികളില്‍ ആവശ്യത്തിനു ഫാനുകള്‍ പോലുമില്ല. രോഗികളുടെ തിരക്കു കൂടിയാവുമ്പോള്‍ കടുത്ത ഉഷ്ണമാണ് അനുഭവപ്പെടുന്നത്. ഇതു സംബന്ധിച്ച് പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടാവാത്ത പശ്ചാത്തലത്തില്‍ ഒപി മുറികളില്‍ രോഗികളെ പരിശോധിക്കുന്നതില്‍ നിന്നു ഇന്നലെ ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച മെഡിക്കല്‍ കോളജ് ഒപിയാണെന്നതിനാല്‍ രോഗികളുടെ നല്ല തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്.
3000 ത്തോളം രോഗികളാണ് വിവിധ വിഭാഗങ്ങളില്‍ പരിശോധനയ്ക്ക് വന്നത്. രാവിലെ ആറുമുതല്‍ തന്നെ ഒപി ഹാളില്‍ രോഗികളുടെ ഊഴം കാത്ത് നീണ്ടനിര രൂപപ്പെട്ടിരുന്നു. രാവിലെ ഒമ്പതോടെ ഡോക്ടര്‍മാരെത്തിയെങ്കിലും ഉഷ്ണം സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഇതോടെ പരിശോധനാ മുറികള്‍ വിട്ടിറങ്ങിയ ഡോക്ടര്‍മാര്‍ പരിശോധന തുടരാനാവില്ലെന്ന് അറിയിച്ചു. പത്തായിട്ടും പരിശോധന ആരംഭിക്കാത്തതിനെ തുടര്‍ന്ന് രോഗികള്‍ പ്രതിഷേധം തുടങ്ങി. ഇതോടെ കെട്ടിടത്തിനു പുറത്ത് രോഗികള്‍ക്ക് വിശ്രമത്തിനായി സജ്ജമാക്കുന്ന കെട്ടിടത്തില്‍ താല്‍കാലികമായി സംവിധാനം ഒരുക്കിയാണ് ഡോക്ടര്‍മാര്‍ പരിശോധന ആരംഭിച്ചത്. ശസ്ത്രക്രിയ, എല്ലു രോഗ, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഒരു വിഭാഗം ഡോക്ടര്‍മാരാണ് ഒപിക്കു പുറത്ത് രോഗികളെ പരിശോധിച്ചത്. രോഗാലസ്യത്തിനൊപ്പം ചൂടും സഹിച്ച് രോഗികള്‍ കുഞ്ഞുവീഴുക വരെയുണ്ടായി. സന്നദ്ധ പ്രവര്‍ത്തകരും ആതുരാലയ ജീവനക്കാരും ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളും പ്രശ്‌ന പരിഹാരത്തിന് കൂട്ടായി യത്‌നിച്ചതോടെയാണ് പ്രതിസന്ധികള്‍ ചെറിയ തോതിലെങ്കിലും മറികടക്കാനായത്.
കത്തുന്ന ചൂടില്‍ വിയര്‍പ്പില്‍ കുളിച്ചാണ് ഡോക്ടര്‍മാര്‍ സേവനം പൂര്‍ത്തിയാക്കിയത്. ഒപി ഹാളില്‍ അല്‍പം തിരക്കൊഴിഞ്ഞതോടെ ഗൈനക്കോളജി, ഇഎന്‍ടി, ശിശുരോഗ വിഭാഗങ്ങളിലെ ഒപികള്‍ പതിവു പോലെ പ്രവര്‍ത്തിപ്പിക്കാനായി. ചൂടിനു പരിഹാരം കാണണമെന്ന് വേനലാരംഭം മുതല്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇത് ആശുപത്രി അധികൃതര്‍ നിരന്തരം അവഗണിക്കുകയാണെന്നും ഈ നിലയില്‍ ഒപി തുടരാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കെട്ടിട നിര്‍മാണത്തിലെ അപാകതയാണ് മെഡിക്കല്‍ കോളജിലെ പ്രധാന പ്രശ്‌നം. ഒപികളില്‍ ജനലുകളോ, വായു സഞ്ചാരത്തിന് അവശ്യം വേണ്ട സംവിധാനങ്ങളോ ഇല്ല. ജനറല്‍ ആശുപത്രിയായപ്പോള്‍ മുതലുള്ള ഈ പ്രശ്‌നം നിരവധി തവണ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ പരാതികള്‍ നിരന്തരമുയര്‍ന്നപ്പോള്‍ ശീതീകരണി ഒരുക്കുമെന്നായിരുന്നു ആതുരാലയ അധികൃതരുടെ ആദ്യ മറുപടി. കഴിഞ്ഞ എട്ടു വര്‍ഷമായി ഇത് കെട്ടിടത്തില്‍ പ്രാവര്‍ത്തികമായിട്ടില്ല.

RELATED STORIES

Share it
Top