മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് ഭീഷണിയായി തേനീച്ചകള്‍

മഞ്ചേരി:  മഞ്ചേരി മെഡിക്കല്‍ കോളജില്‍ തേനീച്ചകള്‍ രോഗികള്‍ക്ക് ഭീഷണിയാവുന്നു. സി ബ്ലോക്കില്‍ നാലാം നിലയിലാണ് തേനീച്ചക്കൂടുള്ളത്. ഇതിനടുത്താണ് എല്ലു രോഗ വിഭാഗത്തിലേയും ഇഎന്‍ടി വിഭാഗത്തിലേയും പുരുഷ വാര്‍ഡുകള്‍. തൊട്ടു താഴെ മൂന്നാം നിലയില്‍ ഓപറേഷന്‍ തിയേറ്ററുകളും പ്രവര്‍ത്തിക്കുന്നു. രാത്രിയായാല്‍ ഭീതിയോടെയാണു ശസ്ത്രക്രിയകള്‍ക്ക് വിധേയരായ രോഗികള്‍ പോലും വാര്‍ഡുകളില്‍ കഴിയുന്നത്. വെളിച്ചം കണ്ടാല്‍ തേനീച്ചകളെത്തുമെന്ന ഭയത്താല്‍ ഇരുട്ടിലാണു രോഗികള്‍ കഴിയുന്നത്.
അഞ്ചോളം രോഗികള്‍ക്കും  ജീവനക്കാര്‍ക്കും ഇതിനകം തേനീച്ചകളുടെ കുത്തേറ്റിട്ടുണ്ട്. മാസങ്ങളായി തേനീച്ചക്കൂട് ആശുപത്രി കെട്ടിടത്തിലുണ്ട്. ഒരുമാസമായി ഇവയുടെ ശല്യം രൂക്ഷമാണെന്ന് വാര്‍ഡുകളിലുള്ള രോഗികളും ജീവനക്കാരും പറയുന്നു. തേനീച്ചകളെ ഭയന്ന് വാര്‍ഡുകളില്‍ ഒരു വൈദ്യുതി വിളക്കു മാത്രമാണ് പ്രകാശിപ്പിക്കാറ്. മെഴുകു തിരി പോലും കത്തിക്കാനാവാതെ ശസ്ത്രക്രിയക്കു വിധേയരായവരും കൈകാലുകളില്‍ പ്ലാസ്റ്ററിട്ടതുമായ രോഗികള്‍ സന്ധ്യ മയങ്ങുന്നതോടെ  പ്രയാസപ്പെടുന്നു. ജീവനക്കാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ല.
തേനീച്ചക്കൂട് ഒഴിവാക്കാന്‍ ആളെ ലഭിക്കുന്നില്ലെന്നാണ് അധികൃത ഭാഷ്യം. എന്നാല്‍, അഗ്നിശമന സേനയെ വിളിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് രോഗികള്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top