മെഡിക്കല്‍ കോളജില്‍ പ്രവേശന ഫീസ് വര്‍ധിപ്പിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശന ഫീസ് അഞ്ചുരൂപയില്‍ നിന്ന് പത്തുരൂപയാക്കി. ആശുപത്രി സന്ദര്‍ശകര്‍ക്കുള്ള ഫീസാണ് പത്തുരൂപയാക്കിയത്. ആശുപത്രി വികസന സമിതിയാണ് ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളും വികസനസമിതിയില്‍ അംഗങ്ങളാണ്. നേരത്തെ വികസനസമിതി ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കിയിരുന്നു. ആശുപത്രി വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളത്തിനായാണ്് ഉപയോഗിക്കുന്നത്. വികസന സമിതി രോഗികളുടെ വികസനത്തിനായാണ് പ്രവര്‍ത്തിക്കേണ്ടത്. രോഗികളുടെ ചികില്‍സാ ഫീസ് വര്‍ധിപ്പിച്ചത് വിവാദമായിരുന്നു. വരുമാനത്തിന്റെ 80 ശതമാനത്തിലധികം ശമ്പളത്തിനായി ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. രോഗികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ രോഗികളില്‍ നിന്നു വാങ്ങിക്കുന്ന പണം വകമാറ്റി ചെലവഴിക്കുന്നതില്‍ വ്യാപകപ്രതിഷേധമുണ്ട്. വികസനസമിതി വക ലാബില്‍ ആധുനിക രക്തപരിശോധനസംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. ആശുപത്രി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് രക്തപരിശോധനക്ക് എഴുതുമ്പോള്‍ പാവപ്പെട്ട രോഗികള്‍ സ്വകാര്യലാബിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മെഡിക്കല്‍കോളജ് ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, മാതൃശിശു സംരക്ഷണകേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് രോഗികള്‍ പ്രധാനപ്പെട്ട പരിശോധനകള്‍ ആശുപത്രി പരിസരത്തെ സ്വകാര്യ ലാബിനെ ആശ്രയിക്കുന്നത് രോഗികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. വികസന സമിതി ലാബിന്റെ ചുമതല വഹിക്കുന്ന ഡോക്ടര്‍ ലാബിലേക്ക് തിരിഞ്ഞു നോക്കാറേയില്ല. ഉച്ചകഴിഞ്ഞാല്‍ സ്വകാര്യ പ്രാക്ടീസിലാണ് ഈ ഡോക്ടറുടെ ശ്രദ്ധ. വികസനസമിതി സര്‍ജിക്കല്‍ഷോപ്പില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ വാങ്ങി ഉപകരണങ്ങള്‍ പുറമെ നിന്ന് എത്തിക്കുകയാണ് ചെയ്യുന്നത്. നിര്‍മാണ കമ്പനികളില്‍ നിന്നു നേരിട്ട് രോഗികള്‍ക്ക് ഉപകരണങ്ങള്‍ എത്തിക്കുവാന്‍ അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ല.

RELATED STORIES

Share it
Top