മെഡിക്കല്‍ കോളജില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുകോഴിക്കോട്:മെഡിക്കല്‍ കോളജില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ വരെ 138 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലുള്ളത്. പനി ബാധിച്ച് 469 പേര്‍ വിവിധ വാര്‍ഡുകളില്‍ ചികില്‍സയില്‍ കഴിയുന്നു. മലയോരപ്രദേശങ്ങളില്‍ നിന്നാണ് ഡെങ്കിപ്പനി ബാധിതര്‍ എത്തിപ്പെടുന്നത്. എലിപ്പനി ബാധിച്ചവരുടെയും മലേറിയ ബാധിച്ചവരുടെയും എണ്ണം ദിവസേന വര്‍ധിച്ചുവരികയാണ്. ഡെങ്കിപ്പനി ബാധിച്ചവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ സ്ഥലപരിമിതി കാരണം രോഗികള്‍ ദുരിതമനുഭവിക്കുകയാണ്. പനി വാര്‍ഡുകളില്‍ നഴ്‌സുമാര്‍ ആവശ്യത്തിനില്ലാത്തതു കാരണം രോഗികള്‍ക്ക് ചികില്‍സ വൈകുന്നതായും ആരോപണമുണ്ട്. ആശുപത്രി വികസന സമിതിയില്‍ സാമ്പത്തിക പ്രതിസന്ധി കാരണം നഴ്‌സുമാരെ നിയമിക്കാന്‍ വൈകുന്നു. വാര്‍ഡുകളിലും വരാന്തയിലും പനിബാധിതര്‍ നിറഞ്ഞിരിക്കുകയാണ്. നീണ്ടുനിവര്‍ന്നു കിടക്കാന്‍ പോലും സ്ഥലമില്ലാതെ നരകിക്കുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിപ്പെടുന്ന രോഗികള്‍. പുരുഷന്മാരുടെ വാര്‍ഡില്‍ 32 പേരെ കിടത്താനുള്ള കട്ടിലുകളാണുള്ളത്. നിലവിലെ സൗകര്യങ്ങളില്‍ നിന്നും പത്തിരട്ടി രോഗികളാണ് ദിവസവും മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിക്കുന്നത്. വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ആവശ്യത്തിനില്ലാത്തതും ഗുരുതരാവസ്ഥയിലുള്ള പനിബാധിതരുടെ ജീവനു ഭീഷണിയാകുന്നു.

RELATED STORIES

Share it
Top