മെഡിക്കല്‍ കമ്മീഷന്‍ ബില്ല്: ഐഎംഎയ്ക്ക് എതിര്‍പ്പ്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിച്ച കരടു ബില്ലിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കരടു ബില്ലിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. കരട് ബില്ല് വൈദ്യവൃത്തിയെ തകര്‍ക്കുമെന്നാണ് ഐഎംഎയുടെ ആരോപണം. വൈദ്യവൃത്തിയുടെ വിശാല താല്‍പര്യം കണക്കിലെടുത്തു കരടു ബില്ല് പുതുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഐഎംഎ അധ്യക്ഷന്‍ ഡോ. കെ കെ അഗര്‍വാള്‍ അഭ്യര്‍ഥിച്ചു.ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിച്ച കരടു ബില്ലില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കീഴില്‍ നടത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ പരീക്ഷകളും മൂല്യനിര്‍ണയങ്ങളും ഇനി ദേശീയ മെഡിക്കല്‍ കമ്മീഷനായിരിക്കും നടത്തുക. കേന്ദ്ര മന്ത്രിസഭ നിയമിക്കുന്ന 25 അംഗ സമിതിയാവും എന്‍എംസി അംഗങ്ങള്‍. എംബിബിഎസ് കോഴ്‌സിന് മൂന്നുവര്‍ഷം കൂടുമ്പോള്‍ എക്‌സിറ്റ് പരീക്ഷ നടത്താനും ഈ ബില്ല് നിര്‍ദേശിക്കുന്നു. എന്‍ട്രന്‍സും കൗണ്‍സിലുകളും എക്‌സിറ്റ് പരീക്ഷകളും കേന്ദ്രഭരണത്തിന്റെ കീഴിലാക്കാന്‍ ഈ നിയമം കാരണമാവും. വാര്‍ഷിക പരീക്ഷ എന്ന നിലവിലെ രീതിയില്‍ നിന്നുള്ള മാറ്റമാണു കരടു ബില്ല് വിഭാവനം ചെയ്യുന്നത്.എന്‍എംസി ബില്ലിലെ വ്യവസ്ഥകളനുസരിച്ചു സംസ്ഥാന പ്രതിനിധികളെ ഉള്‍പ്പെടുത്തിയ ഉപദേശക സമിതിയെ നിയമിക്കും. അംഗീകാരവും നിയമന സഹായവും നല്‍കലാണ് ഉപദേശക സമിതിക്ക് കോളജുകളുമായുള്ള ബന്ധം. പുതിയ പിജി കോഴ്‌സുകള്‍ കൊണ്ടുവരാനും സീറ്റ് വര്‍ധിപ്പിക്കാനും കോളജുകള്‍ക്ക് സ്വയം തീരുമാനമെടുക്കാനാവും. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കോളജിന് റേറ്റിങ്് നല്‍കാന്‍ പരിശോധന നടത്തുന്ന സമ്പ്രദായം തുടരും. അധ്യാപകര്‍, ലബോറട്ടറി, രോഗികള്‍ ഇവയുമായി ബന്ധപ്പെട്ടു നിയമലംഘനം നടത്തുന്ന കോളജുകള്‍ക്ക് അവര്‍ ഒരു വിദ്യാര്‍ഥിയില്‍ നിന്ന് ഈടാക്കുന്ന ഫീസിന്റെ 10 മടങ്ങു വരെ പിഴയീടാക്കാന്‍ എന്‍എംസിക്ക് കീഴില്‍ കേന്ദ്രത്തിനു സാധിക്കും. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ 2010 മുതല്‍ നിരന്തരം അഴിമതി ആരോപണങ്ങള്‍ക്കു വിധേയമായതിനെ തുടര്‍ന്നാണു പുതിയ തീരുമാനമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ ഭാഷ്യം. ഓരോ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, എന്‍എഎസി അംഗങ്ങള്‍, യുജിസി പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണു കേന്ദ്രത്തിന്റെ 64 അംഗ മെഡിക്കല്‍ ഉപദേശക സമിതി. യുജി, പിജി മെഡിക്കല്‍ വിദ്യാഭ്യാസം, റേറ്റിങ്, നീതി, മൂല്യനിര്‍ണയം എന്നിവയ്ക്കായി നാല് സമിതികളാണ് എന്‍എംസിക്ക് കീഴിലുള്ളത്.

RELATED STORIES

Share it
Top